
കൊച്ചി: കേരളത്തിലെ വ്യവസായത്തെ സംബന്ധിച്ച് തെറ്റായ കണക്കുകളാണ് ഇടത് സര്‍ക്കാര്‍ പറയുന്നതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പരാമർശത്തെ എതിർത്ത് മന്ത്രി പി രാജീവ്. വ്യവസായ നിക്ഷേപത്തിന് കേരളം മികച്ചതാണ്. കേരളീയരും കേരള വിരുദ്ധരും എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ ഒന്നും ഇവിടെ നടക്കരുതെന്നാണ് ഇവരുടെ ആഗ്രഹം. പ്രതിപക്ഷം നിയമസഭയിൽ ആകാം, കേരളത്തിന്റെ പ്രതിപക്ഷം ആവരുത്. കേരളത്തെ സ്നേഹിക്കുന്ന എല്ലാവരും ഒരുമിച്ച് നിൽക്കണം. 'പ്രതിപക്ഷ നേതാവിന്റെ മറുപടി ഞങ്ങൾക്ക് ഉള്ളതല്ല, അത് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. അത് അവർ തമ്മിൽ ചർച്ച ചെയ്ത് അവസാനിപ്പിക്കണം. അതിന്റെ പേരിൽ കേരളത്തെ കരുവാക്കരുത്' മന്ത്രി പറഞ്ഞു.
ഐഐഎം റിപ്പോർട്ട് സഭയിൽ വെച്ചിരുന്നു. അത് ഇവർക്ക് വായിച്ചുനോക്കാം. ബിബിസിയിലെ പോലെ കാശ് കൊടുത്തു അവിടെ എഴുതിക്കാൻ പറ്റില്ല. സഭയിൽ വിശദീകരിക്കുമ്പോൾ അദ്ദേഹത്തിന് എഴുന്നേൽക്കാമായിരുന്നല്ലോ ? ലോക ബാങ്ക് നിർത്തൽ ആക്കിയതാണെന്ന വി ഡി സതീശന്റെ പരാമർശം. ആന്ധ്രാപ്രദേശ് ആയിരുന്നു ഇത് വരെഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ ഒന്നാമത്. അവർ അത് പരസ്യം ചെയ്ത് പ്രഖ്യാപിച്ചത് ആണ്. കേരളം ചെയ്യുമ്പോൾ മാത്രം ആണ് കുറ്റം. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഓരോ കണക്കും പുറത്ത് വിടുന്നതെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് കാലത്ത് ഇടതുസര്‍ക്കാര്‍ പിആര്‍ വര്‍ക്ക് നടത്തി തെറ്റായ കണക്ക് നല്‍കിയെന്ന വി ഡി സതീശൻ്റെ പരാമർശത്തെയും മന്ത്രി വിമർശിച്ചു. കോവിഡ് ലോകത്തെ ബാധിച്ച മഹാമാരി ആണ്. കേരളത്തെ മാത്രം ബാധിച്ചതല്ല. അടിസ്ഥാന ധാരണ ഉള്ളവർ പറയുന്ന മറുപടി അല്ല പ്രതിപക്ഷ നേതാവ് പറയുന്നത്. കോവിഡ് കാലത്തിനു ശേഷം സ്റ്റാർട്ട് അപ്പ് മേഖലയിൽ രാജ്യന്തര തലത്തിലുള്ളതിനേക്കാൾ കേരളം മുന്നേറി. സ്റ്റാർട്ട് അപ്പ് രംഗത്തെ വളർച്ച രാജ്യാന്തര ശരാശരി 46 ശതമാനവും കേരളത്തിൽ 254 ശതമാനവും ആണ്. കേരള വിരുദ്ധപ്രചാരവേലയ്ക്ക് പ്രതിപക്ഷ നേതാവ് നേതൃത്വം നൽകുന്നു. കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം ഉണ്ടായി. എല്ലാ മേഖലയിലും കേരളം മുന്നിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തിന്റെ വ്യവസായ രംഗത്തെ വളര്‍ച്ചയെ പ്രശംസിച്ച് ശശി തരൂര്‍ പങ്കുവെച്ച ലേഖനം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. വ്യവസായ രംഗത്ത് കേരളത്തിന്റേത് അതിശയകരമായ മാറ്റം എന്നായിരുന്നു തരൂര്‍ എഴുതിയ ലേഖനത്തിന്റെ ഉള്ളടക്കം. ഇതിന് പിന്നാലെ തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തുകയായിരുന്നു. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും എന്നാല്‍ വ്യവസായത്തെ സംബന്ധിച്ച് തെറ്റായ കണക്കുകളാണ് ഇടത് സര്‍ക്കാര്‍ പറയുന്നതെന്നുമുൾപ്പടെ വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
Content highlight- 'The opposition can be in the assembly, but not be the opposition of Kerala'; Minister P Rajeev responds to VD Satheesan