
പാലക്കാട്: പാലക്കാട് പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ചെന്താമര ജാമ്യ വ്യവസ്ഥ പൂര്‍ണമായും ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമായിരുന്നു സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും ചെന്താമര കൊലപ്പെടുത്തിയത്.
2019ലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ചെത്തിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലയ്ക്ക് ശേഷം നെല്ലിയാമ്പതി കാട്ടിലേക്ക് ഓടിയൊളിച്ച ചെന്താമര ദിവസങ്ങള്‍ക്ക് ശേഷമാണ് പിടിയിലാകുന്നത്. ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ എത്തിയപ്പോള്‍ പ്രതിയെ പൊലീസ് വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.
2022ലാണ് കേസില്‍ ചെന്താമരയ്ക്ക് ജാമ്യം ലഭിക്കുന്നത്. നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. 2023 ല്‍ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാള്‍ വീണ്ടും നെന്മാറയില്‍ എത്തി. ചെന്താമരയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് സുധാകരന്‍ കഴിഞ്ഞ മാസം 29ന് നെന്മാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നെന്മാറ പൊലീസ് ചെന്താമരയെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. ഇനി നെന്മാറയിലേക്ക് പോകില്ലെന്നും തിരുപ്പൂരിലേക്ക് പോകുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചെന്താമര തിരുപ്പൂരില്‍ നിന്ന് നെന്മാറയിലെ താമസ സ്ഥലത്ത് എത്തി. ഇത് പൊലീസ് അറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ജനുവരി 27നാണ് ചെന്താമര സുധാകരനേയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തിയത്.
ഇരട്ടക്കൊലയ്ക്ക് ശേഷവും ഇയാള്‍ കാട്ടിലേയ്ക്ക് കടന്നു. 29ന് പുലര്‍ച്ചെയാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാത്തതിന് നേരത്തെ നെന്മാറ എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചെന്താമരയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്.
Content Highlights- court cancelled bail of chenthamara on sajitha murder case