
പത്തനംതിട്ട: മടത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ ജിതിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഇടത് ബന്ധം തള്ളി ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ബി നിസാം. കേസിലെ നാലും ആറും പ്രതികളായ മിഥുനും സുമിത്തും മൂന്ന് മാസം മാത്രമായിരുന്നു ഡിവൈഎഫ്ഐയിൽ ഉണ്ടായിരുന്നതെന്ന് നിസാം പറഞ്ഞു. ഈ സമയത്തെ പോസ്റ്ററാണ് നിലവിൽ പ്രചരിക്കുന്നതെന്നും നിസാം വ്യക്തമാക്കി.
2021 ഏപ്രിലിലാണ് സുമിത്തും മിഥുനും ഡിവൈഎഫ്ഐയിൽ ചേർന്നത്. മൂന്ന് മാസത്തിനുള്ളിൽ തന്നെ സുമിത്തും മിഥുനും ഡിവൈഎഫ്ഐ ബന്ധം ഉപേക്ഷിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റർ 2021 ജൂലൈ മാസത്തിലേതാണ്. ബിജെപിയിലും ആർഎസ്എസിലും ഇരുവർക്കും നിലവിൽ എന്ത് ഭാരവാഹിത്വമാണ് ഉള്ളതെന്ന് അറിയില്ലെന്നും നിസാം പറഞ്ഞു.
മടത്തുംമൂഴിയിൽ ഡിവൈഎഫ്ഐ സംഘടനാ പ്രവർത്തനം ജിതിൻ നടത്തിയിരുന്നു. ഇതിൻ്റെ വിരോധമാണ് ബിജെപി, ആർഎസ്എസ് പ്രവർത്തകനായ വിഷ്ണുവിന് ഉണ്ടായിരുന്നതെന്നും നിസാം പറഞ്ഞു. ബിജെപിയുടെ സമ്മർദത്തിന് വഴങ്ങിയാണ് പ്രതി നിഖിലേഷ് സിഐടിയുക്കാരനാണെന്ന് മാതാവ് പറഞ്ഞത്. ബിജെപി നേതൃത്വത്തിലേക്ക് അന്വേഷണം വരും എന്ന് കണ്ടാണ് ബിജെപിയുടെ ആരോപണം. സിപിഐഎം നേതൃത്വത്തിനെതിരെയുള്ള ബിജെപി ആക്രമണങ്ങളെ ജിതിൻ ചെറുത്തിരുന്നു. ഒരു കൊലപാതകം ജില്ലയിൽ നടക്കണമെന്ന് ബിജെപി ആഗ്രഹിച്ചിരുന്നുവെന്നും നിസാം വ്യക്തമാക്കി.
പെരിങ്ങരയിൽ സിപിഐഎം ലോക്കൽ സെക്രട്ടറി സന്ദീപ് കൊല്ലപ്പെട്ടപ്പോഴും സംഘപരിവാറിനെതിരെ ആരോപണം ഉയർന്നിരുന്നുവെന്നും നിസാം പറഞ്ഞു. പ്രതിയുടെ അമ്മ പ്രതിയെ രക്ഷപ്പെടുത്താൻ പലതും പറയും. ഹൃദയം പൊട്ടി നിൽക്കുന്ന ജിതിൻ്റെ അച്ഛൻ്റെ അടുത്ത് ചെന്ന് മാധ്യമങ്ങൾ രാഷ്ട്രീയ കൊലപാതകം ആണോ എന്ന് ചോദിച്ചു. ആ അവസ്ഥയിൽ അച്ഛന് മറുപടി പറയാൻ കഴിയില്ല. ജിതിന്റേത് ആസൂത്രിത കൊലപാതകമായിരുന്നു. പ്രതികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ ലോക്ക് ചെയ്തിരിക്കുകയാണ്. ബിജെപിയുടെ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്ത ആളാണ് വിഷ്ണുവെന്നും നിസാം കൂട്ടിച്ചേർത്തു.
പ്രതികളുടെ ബിജെപി ബന്ധം ആരോപിച്ച് നേരത്തേ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവും രംഗത്തെത്തിയിരുന്നു. ജിതിനെ കൊലപ്പെടുത്തിയത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചത്. ഇതിന് പിന്നാലെ ആരോപണങ്ങൾ തള്ളി ബിജെപിയും രംഗത്തെത്തി. കൊലപാതകത്തില്‍ ബിജെപിക്ക് പങ്കില്ലെന്നായിരുന്നു ജില്ലാ പ്രസിഡന്റ് വി എ സൂരജ് പ്രതികരിച്ചത്. കൊലപാതകക്കുറ്റം ബിജെപിയുടെ തലയിൽ കെട്ടിവെയ്ക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ശ്രമിക്കുന്നുവെന്ന് സൂരജ് പറഞ്ഞു. ബിജെപിയുടെ ഒരു പ്രവര്‍ത്തകനും ഈ കൊലപാതകത്തില്‍ പങ്കില്ലെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി
ജിതിന്റെ കൊലപാതകത്തില്‍ എട്ട് പ്രതികളുണ്ടെന്നാണ് എഫ്ഐആർ. പെരുനാട് സ്വദേശികളായ നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്, മനീഷ്, ആരോമല്‍, മിഥുന്‍, അഖില്‍ എന്നിവരാണ് പ്രതികള്‍. പ്രതി വിഷ്ണു കാറില്‍ നിന്ന് കത്തിയെടുത്ത് ജിതിനെ കുത്തിയതായും എഫ്‌ഐആറില്‍ പറയുന്നു. ജിതിനെ കുത്തിയത് താൻ തന്നെയെന്ന് വിഷ്ണു മൊഴി നൽകിയിട്ടുണ്ട്. തങ്ങൾക്കൊന്നുമറിയില്ലെന്ന് കൂട്ടുപ്രതികൾ മൊഴി നൽകി. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് കണ്ടെടുത്ത ആയുധം കൃത്യത്തിന് ഉപയോഗിച്ചതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. എട്ട് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡി അപേക്ഷ പിന്നീട് നൽകാനാണ് പൊലീസിൻ്റെ തീരുമാനം.
Content Highlight: Pathanamthi9tta CITU worker murder case: DYFI denies allegations that accused have links with party