
തിരുവനന്തപുരം: മാധ്യമങ്ങൾ ചമയ്ക്കുന്ന അടിസ്ഥാനരഹിതമായ പൈങ്കിളി കഥകളുടെ കെണിയിൽ ചില സഖാക്കൾ അകപ്പെട്ട് പോകാറുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളെ അഭിസംബോധന ചെയ്തുള്ള കത്തിലാണ് ബിനോയ് വിശ്വത്തിൻ്റെ വിമർശനം. 'സഖാക്കളെ മുന്നോട്ട്' എന്ന തലക്കെട്ടോടെ ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള കത്തെന്ന നിലയിലാണ് നവയുഗം ദ്വൈവാരികയിൽ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പാർട്ടി പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് മദ്യപാനത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളെയും വസ്തുത അറിയാതെയുള്ള സിപിഐ പ്രവർത്തകരുടെ പ്രതികരണങ്ങളെയും കത്തിൽ ബിനോയ് വിശ്വം വിമർശിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് ഫണ്ട് പിരിച്ചുകൂട, പിരിക്കുന്ന ഫണ്ടിൻ്റെ കണക്ക് കൃത്യമായി ഘടകങ്ങളിൽ സമർപ്പിക്കണം, വിവാഹധൂർത്തും ആർഭാടങ്ങളും ഒഴിവാക്കണം, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അടിപ്പെട്ടു പോകരുത് തുടങ്ങി നിരവധി കാര്യങ്ങൾ പെരുമാറ്റച്ചട്ടത്തിലുണ്ട്. എന്നാൽ അതൊന്നും വാർത്തയാക്കാതെ മദ്യപാനത്തെക്കുറിച്ചുള്ള പാർട്ടി നിലപാട് വളച്ചൊടിച്ച് പ്രചരിക്കാനാണ് പിന്തിരിപ്പൻ മാധ്യമങ്ങൾ ബോധപൂർവ്വം ശ്രമിച്ചതെന്നും കത്തിൽ ബിനോയ് വിശ്വം കുറ്റപ്പെടുത്തുന്നുണ്ട്.
മദ്യവർജ്ജനമാണ് നമ്മുടെ നയം എന്ന പാർട്ടി നിലപാട് മാധ്യമങ്ങൾ കണ്ടില്ലെന്നും വീട്ടിലിരുന്ന് ഇഷ്ടം പോലെ കുടിക്കാം എന്ന ദുർവാഖ്യാനമാണ് കെട്ടിച്ചമച്ചതെന്നും ബിനോയ് വിശ്വം വിമർശിച്ചു. ഈ പെരുംനുണ വെട്ടി വിഴുങ്ങാൻ നിഷ്കളങ്കരായ കുറേ സഖാക്കൾ പാർട്ടിയിലുണ്ടായി എന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തുന്നുണ്ട്. പെരുമാറ്റച്ചട്ടം താഴേയ്ക്ക് എത്തുമ്പോൾ എന്താണ് ഉള്ളടക്കമെന്ന് മനസ്സിലാക്കാനാകുമെന്നും ബിനോയ് വിശ്വം ബ്രാഞ്ച് സെക്രട്ടറിമാരോട് വ്യക്തമാക്കുന്നുണ്ട്. പെരുമാറ്റച്ചട്ടം താഴേയ്ക്ക് എത്തുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമകാണിക്കാതെ കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ദുർബല മനസ്കരുടെ പാർട്ടിയാകരുത് സിപിഐ എന്നും ബിനോയ് വിശ്വം വിമർശനം ഉന്നയിച്ചിട്ടുണ്ട്.
മാധ്യമങ്ങൾ ചമയ്ക്കുന്ന അടിസ്ഥാനരഹിതമായ പൈങ്കിളി കഥകളുടെ കെണിയിൽ ചില സഖാക്കൾ അകപ്പെട്ട് പോകാറുണ്ട്. അവരെ തിരുത്താനും നേർവഴിക്ക് നയിക്കാനും ബന്ധപ്പെട്ട ഘടകങ്ങളിൽ ചർച്ചയുണ്ടാകണം. ഘടകങ്ങളിലെ വിമർശനങ്ങൾക്ക് വിലക്ക് പ്രഖ്യാപിക്കുന്ന പാർട്ടിയല്ല സിപിഐ എന്നും എന്നാൽ പാർട്ടി വിരുദ്ധരുടെ കളിപ്പാവകളെപ്പോലെ സോഷ്യൽ മീഡിയയിൽ അഴിഞ്ഞാടുന്ന ഏതാനും സഖാക്കളുണ്ടെന്നും ബിനോയ് വിശ്വം കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരക്കാരെ തിരുത്തണമെന്നും വഴങ്ങാത്തവരെ അച്ചടക്ക നടപടിയ്ക്ക് വിധേയരാക്കണമെന്നുമുള്ള വിജയവാഡ പാർട്ടി കോൺഗ്രസ് അംഗീകരിച്ച ഭരണഘടനാ ഭേദഗതി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉള്ളടക്കം ശക്തിപ്പെടുത്താൻ വേണ്ടിയാണെന്നും കത്തിൽ ഓർമ്മപ്പെടുത്തുന്നുണ്ട്.
പാർട്ടി വിദ്യാഭ്യാസത്തിൻ്റെ അഭാവം സിപിഐയെ ബാധിക്കുന്നുണ്ടെന്ന ഗുരുതര സ്വയംവിമർശനവും കത്തിലുണ്ട്. അതിന് പരിഹാരം കാണാനുള്ള കൂടുതൽ ഉത്തരവാദിത്തം സംസ്ഥാന സെൻ്റർ അടക്കമുള്ള ഉപരിഘടകങ്ങൾക്കാണെന്നത് സ്വയം വിമർശനപരമായി അംഗീകരിക്കുന്നുവെന്നും കത്തിലുണ്ട്. സമ്മേളനങ്ങൾക്ക് ശേഷം ഈ കുറവ് നികത്തുന്നതിനുള്ള പരിശ്രമങ്ങൾ ഉണ്ടാകുമെന്ന ഉറപ്പും ബിനോയ് വിശ്വം നൽകുന്നുണ്ട്. സമ്മേളനങ്ങളിലെ രാഷ്ട്രീയ ചർച്ച ഉദ്ദേശിക്കുന്ന നിലവാരത്തിലേയ്ക്ക് ഉയരാത്തതിൻ്റെ മുഖ്യകാരണം ആശയ രാഷ്ട്രീയ ധാരയുടെ അഭാവമാണെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നുണ്ട്.
Content Highlights: Binoy Viswam criticized media on the letter that wrote to the CPI branch secretaries