
കോഴിക്കോട്: യുഡിഎഫില്‍ പെയ്ഡ് സീറ്റ് ആരോപണം. ലീഗിന്റെ കൈവശമുള്ള കുന്ദമംഗംലം സീറ്റ് പ്രവാസി അസോസിയേഷന് വിട്ടുകൊടുക്കാനുള്ള നീക്കത്തിൽ കോണ്‍ഗ്രസ്-ലീഗ് പ്രാദേശിക ഘടകത്തില്‍ വലിയ രീതിയില്‍ എതിര്‍പ്പുള്ളതായി വിവരം. പ്രാദേശിക ഘടകവുമായി ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെന്നാണ് ആക്ഷേപം.
ലീഗ് മത്സരിച്ച് വന്നിരുന്ന കുന്ദമംഗലത്ത് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ലീഗ് സ്ഥാനാര്‍ത്ഥികളായിരുന്നില്ല യുഡിഎഫിനായി മത്സരിച്ചത്. 2021ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കോണ്‍ഗ്രസുകാരനായ ദിനേശ് പെരുമണ്ണയും 2016ൽ കോൺഗ്രസിൻ്റെ ടി സിദ്ധിഖുമായിരുന്നു കുന്ദമംഗലത്ത് യുഡിഎഫിനായി മത്സരിച്ചത്. ലീഗിന് കൂടി സ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ രണ്ട് തവണയും ഇവിടെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കൈവിട്ടമട്ടാണ്. 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്ദമംഗലം സീറ്റിനായുള്ള നീക്കം ഇപ്പോഴെ ആരംഭിച്ചതാണ് യുഡിഎഫിൻ്റെ പ്രാദേശിക നേതൃത്വങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. കുന്ദമംഗലം സീറ്റിനായി പ്രവാസി അസോസിയേഷൻ്റെ നേതാവ് രാജേന്ദ്രൻ വെള്ളപ്പാലത്ത് ലീഗ് നേതൃത്വത്തെ സമീപിച്ചതോടെയാണ് പ്രാദേശിക ഘടകത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. കുന്ദമംഗലം സീറ്റ് നേടിയെടുക്കാനുള്ള പ്രവാസി അസോസിയേഷൻ്റെ നീക്കം ഏകദേശം വിജയം കണ്ടതോടെയാണ് യുഡിഎഫിൻ്റെ പ്രാദേശിക ഘടകങ്ങളിൽ ഉയർന്ന അസ്വാരസ്യങ്ങള്‍ പൊട്ടിത്തേറിയിലേക്ക് വഴിമാറിയത്. വിഷയം യുഡിഎഫില്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്നാണ് ലീഗ്, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ ആവശ്യം.
അതേസമയം, പെയ്ഡ് സീറ്റ് ആരോപണത്തെക്കുറിച്ച് തനിക്ക് യാതൊരുവിധ അറിവുമില്ലെന്ന് ദിനേശ് പെരുമണ്ണ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 2021 ല്‍ കുന്ദമംഗലത്തെ പ്രതിനിധീകരിച്ച് മത്സരിച്ച വ്യക്തിയാണ് താന്‍. അന്ന് പിടിഎ റഹീമിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ തനിക്ക് കഴിഞ്ഞു. ആ തിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത് പാണക്കാട് ഹൈദരലി ശിഖാബ് തങ്ങളായിരുന്നു. യുഡിഎഫിന്റെ പ്രധാന നേതാക്കള്‍ സംസ്ഥാന തലത്തില്‍ കൂടിയാലോചിച്ച ശേഷമായിരുന്നു തന്നെ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ടുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് മനസിലാക്കുന്നത്. മുസ് ലിം ലീഗിന്റെ സീറ്റാണ് കുന്ദമംഗലം. സീറ്റു വിട്ടുനല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് മുസ്‌ലിം ലീഗാണെന്നും ദിനേശ് പെരുമണ്ണ പറഞ്ഞു.
Content Highlights- paid seat allegation in UDF over kunnamangalam seat