'പാർട്ടി വിദ്യാഭ്യാസത്തിൻ്റെ അഭാവം സിപിഐയെ ബാധിക്കുന്നു'; ബ്രാഞ്ച് സെക്രട്ടറിമാ‌ർക്കുള്ള കത്തിൽ ബിനോയ് വിശ്വം

പല ബ്രാഞ്ചുകളുടെയും പ്രവർത്തന റിപ്പോർട്ടുകൾ ശുഷ്കമായിരുന്നെന്നും കത്തിൽ വിമർശനമുണ്ട്. മേൽഘടകങ്ങൾ ഏൽപ്പിച്ച കാര്യങ്ങൾ യാന്ത്രികമായി ചെയ്തതിൻ്റെ വിവരണം മാത്രമായി അവ മാറിയെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു

dot image

തിരുവനന്തപുരം: വിമർശനവും സ്വയം വിമർശനവും ചൂണ്ടിക്കാണിച്ച് ബ്രാഞ്ച് സെക്രട്ടറിമാർക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ കത്ത്. കമ്മ്യൂണിസ്റ്റ് പാർട്ടി അതിൻ്റെ യുവത്വം ഉയർത്തിപ്പിടിക്കുന്നത് പഴയകാലത്തിൻ്റെ സമരാനുഭവങ്ങൾ പഠിച്ചുകൊണ്ടും പഴയ സഖാക്കളുടെ സംഭവനകളെ മാനിച്ചു കൊണ്ടുമാകണമെന്ന് കത്തിൽ ബിനോയ് വിശ്വം ചൂണ്ടിക്കാണിക്കുന്നു. നിസ്സാരം എന്ന് തോന്നുന്ന ഇത്തരം കാര്യങ്ങൾ സാരമാണെന്ന് മനസ്സിലാക്കാനും കമ്മ്യൂണിസ്റ്റുകൾക്ക് കടമയുണ്ടെന്നും കത്ത് ഓർമ്മിപ്പിക്കുന്നുണ്ട്. സിപിഐയുടെ 25-ാം പാർട്ടി കോൺ​ഗ്രസിൻ്റെ മുന്നോടിയായി ജനുവരി ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളെ അഭിസംബോധന ചെയ്താണ് ബിനോയ് വിശ്വത്തിൻ്റെ കത്ത്. 'സഖാക്കളെ മുന്നോട്ട്' എന്ന തലക്കെട്ടോടെ ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള കത്തെന്ന നിലയിലാണ് നവയു​ഗം ദ്വൈവാരികയിൽ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പല ബ്രാഞ്ചുകളുടെയും പ്രവർത്തന റിപ്പോർട്ടുകൾ ശുഷ്കമായിരുന്നെന്നും കത്തിൽ വിമർശനമുണ്ട്. മേൽഘടകങ്ങൾ ഏൽപ്പിച്ച കാര്യങ്ങൾ യാന്ത്രികമായി ചെയ്തതിൻ്റെ വിവരണം മാത്രമായി അവമാറിയെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ജനജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുമ്പോഴേ പാർട്ടി ജനങ്ങളുടേതാകൂവെന്നും സംസ്ഥാന സെക്രട്ടറി ബ്രാഞ്ച് സെക്രട്ടറിമാരെ ഓർമ്മപ്പെടുത്തുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാർ ജനങ്ങൾക്കിടയിൽ ജലത്തിലെ മത്സ്യത്തെ പോലെ ജീവിക്കണമെന്ന് ആചാര്യന്മാർ‌ പഠിപ്പിച്ചത് അതുകൊണ്ടാണെന്നും ബിനോയ് വിശ്വം കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പാർട്ടി വിദ്യാഭ്യാസത്തിൻ്റെ അഭാവം സിപിഐയെ ബാധിക്കുന്നുണ്ടെന്ന ​ഗുരുതര സ്വയംവിമർശനവും കത്തിലുണ്ട്. അതിന് പരിഹാരം കാണാനുള്ള കൂടുതൽ ഉത്തരവാദിത്തം സംസ്ഥാന സെൻ്റർ അടക്കമുള്ള ഉപരിഘടകങ്ങൾക്കാണെന്നത് സ്വയം വിമർശനപരമായി അം​ഗീകരിക്കുന്നുവെന്നും കത്തിലുണ്ട്. സമ്മേളനങ്ങൾക്ക് ശേഷം ഈ കുറവ് നികത്തുന്നതിനുള്ള പരിശ്രമങ്ങൾ ഉണ്ടാകുമെന്ന ഉറപ്പും ബിനോയ് വിശ്വം നൽകുന്നുണ്ട്. സമ്മേളനങ്ങളിലെ രാഷ്ട്രീയ ചർച്ച ഉദ്ദേശിക്കുന്ന നിലവാരത്തിലേയ്ക്ക് ഉയരാത്തതിൻ്റെ മുഖ്യകാരണം ആശയ രാഷ്ട്രീയ ധാരയുടെ അഭാവമാണെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഭൂരിപക്ഷ-ന്യൂനപക്ഷ വർ​​ഗീയവാദികളും കോർപ്പറേറ്റ് കൊള്ളക്കാരും കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ഒരുപോലെ വെറുക്കുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തിക ഉപരോധത്താൽ ശ്വാസം മുട്ടിക്കുന്നത്. അതിനെല്ലാം നടുവിൽ നിന്ന് എല്ലാ വികസന സൂചികകളിലും കേരളം മുന്നിലാണെന്നത് അഭിമാനകരമാണെന്നും കത്തിൽ ബിനോയ് വിശ്വം വ്യക്തമാക്കുന്നുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനെ തോൽപ്പിക്കണമെന്ന ലക്ഷ്യത്തോടെ പിന്തിരിപ്പൻ ശക്തികളെല്ലാം യുഡിഎഫിൻ്റെ കാർമ്മികത്വത്തിൽ ഒത്തുകൂടുകയാണ് എന്ന മുന്നറിയിപ്പും കത്തിലുണ്ട്. ഈ മഹാസഖ്യത്തെ എതിരിട്ട് എൽഡിഎഫിന് മുന്നോട്ടു പോകണമെന്നും അതിനായി സിപിഐ ഒന്നടങ്കം ശക്തമാകേണ്ട സന്ദർഭമാണിതെന്നും കത്ത് ഓർമ്മിപ്പിക്കുന്നു. അതിനായി സിപിഐയിൽ ആശയപരവും പ്രായോ​ഗികവുമായ ഒരുക്കങ്ങളെ പറ്റി ചർച്ചയുണ്ടാകണമെന്നും ബിനോയ് വിശ്വം നി‍ർദ്ദേശിക്കുന്നു.

Content Highlights: BInoy Viswam wrote letter to the branch secretaries

dot image
To advertise here,contact us
dot image