'അതിരപ്പിള്ളിയിലെ ആനയുടെ മസ്തകത്തിനേറ്റ മുറിവിന് ഒരടിയോളം ആഴം; ഒന്നരമാസത്തെ ചികിത്സ നല്‍കണം': ഡോ. അരുൺ സക്കറിയ

ആനയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ തീരുമാനിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ അരുൺ സക്കറിയ

dot image

കൊച്ചി: അതിരപ്പിള്ളിയിലെ ദൗത്യം പൂര്‍ണവിജയം എന്ന് പറയാനായിട്ടില്ലെന്ന് ഡോക്ടര്‍ അരുണ്‍ സക്കറിയ. ആന ആരോഗ്യവാനായാല്‍ മാത്രമേ ദൗത്യം വിജയകരമാകൂ. ആനയുടെ മസ്തകത്തിനേറ്റ മുറിവിന് ഒരടിയോളം ആഴമുണ്ട്. ഒന്നരമാസത്തോളം തുടര്‍ച്ചയായി ചികിത്സ നല്‍കേണ്ടിവരുമെന്നും ഡോ. അരുണ്‍ സക്കറിയ മാധ്യമങ്ങളോട് പറഞ്ഞു.

ആനയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ തീരുമാനിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. നല്‍കേണ്ട ചികിത്സയെക്കുറിച്ച് മാര്‍ഗരേഖ ഉണ്ടാക്കും. ആന മയക്കം വിട്ട് തുടങ്ങിയിട്ടുണ്ടെന്നും ശാന്തനായാണ് കാണുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആനയ്ക്ക് ആദ്യം നല്‍കിയ ചികിത്സ ഫലം കണ്ടിരുന്നു. പുഴു കയറി വീണ്ടും അണുബാധയുണ്ടായതാണ്. ആന മയങ്ങി വീണത് ഗുണം ചെയ്തു. അതുകൊണ്ടാണ് സ്‌പോട്ടില്‍ വെച്ച് ചികിത്സ നല്‍കാന്‍ സാധിച്ചത്. പഴുപ്പ് പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മാസമായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആന അതിരപ്പിള്ളി ഭാഗത്തേയ്ക്ക് തിരിച്ചെത്തി. ഒരോ ദിവസം കഴിയുന്തോറും ആനയുടെ ആരോഗ്യസ്ഥിതി മോശമായി വന്നു. ആനയെ മയക്കുവെടിവെച്ച് പിടികൂടി ചികിത്സ നല്‍കാം എന്ന നിലപാടില്‍ വനംവകുപ്പ് എത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ അരുണ്‍ സക്കറിയയും സംഘവും അതിരപ്പിള്ളിയില്‍ എത്തി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആനയെ മയക്കുവെടിവെയ്ക്കാനുള്ള ദൗത്യം ആരംഭിച്ചു.

രാവിലെ 6.40 ഓടെ വെറ്റിലപ്പാറയിലെ പതിനാലാം ബ്ലോക്കില്‍ ആനയെ ലൊക്കേറ്റ് ചെയ്തു. തുടര്‍ന്ന് അരുണ്‍ സക്കറിയയും സംഘവും ആനയെ ലൊക്കേറ്റ് ചെയ്ത സ്ഥലത്തേയ്ക്ക് എത്തി. 7.15 ഓടെ ആനയ്ക്ക് അരുണ്‍ സക്കറിയയും സംഘവും മയക്കുവെടിവെച്ചു. ഇതിനിടെ മയക്കുവെടിയുടെ ഡോസില്‍ കൊമ്പന്‍ വീഴാന്‍ ആയുകയും അവിടെയുണ്ടായിരുന്ന കുങ്കിയാനയായ ഏഴാമുറ്റം ഗണപതി, ആനയെ താങ്ങുകയും ചെയ്തു. എന്നാല്‍ കൊമ്പന്‍ മയങ്ങി നിലത്തുവീണു. ഈ സമയം ഏഴാമുറ്റം ഗണപതി കൊമ്പന് സമീപം തന്നെ നിലയുറച്ചു. ഗണപതി ഉപദ്രവിച്ചതെന്ന് കരുതി ആനയെ വെടിപൊട്ടിച്ച് ഭയപ്പെടുത്തി സ്ഥലത്തുനിന്ന് ഓടിച്ചു. ഇതിന് ശേഷം മയങ്ങിക്കിടന്ന കൊമ്പന് അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കി. മുറിവിലെ പഴുപ്പ് നീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷം മരുന്നുവെച്ചു. എട്ടരയോടെ മയക്കം വിട്ട് എഴുന്നേറ്റ ആനയെ കുങ്കിയാനകളുടെ സഹായത്തോടെ അനിമല്‍ ആംബുലന്‍സില്‍ കയറ്റി കോടനാട്ടേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.

Content Highlights- Dr arun sakharia about health condition of athirappilly elephant

dot image
To advertise here,contact us
dot image