
തിരുവനന്തപുരം: സ്റ്റാർട്ടപ്പ് ഫെസ്റ്റിലേക്ക് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്ഐ. ഡൽഹിയിൽ നേരിട്ടെത്തി ക്ഷണിച്ച നേതാക്കളോട് മറ്റ് പരിപാടികളുള്ളതിനാൽ പങ്കെടുക്കുന്നതിൽ അസൗകര്യമുണ്ടെന്ന് തരൂർ അറിയിക്കുകയായിരുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീം എം പിയാണ് ഈ വിവരം അറിയിച്ചത്.
മവാസോ എന്ന പേരിൽ യുവജനങ്ങൾക്ക് സംരംഭക മേഖലയിൽ പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐ നടത്തുന്ന പരിപാടിയിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. എ എ റഹീം, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ എന്നിവർ ഡൽഹിയിലെ വസതിയിൽ എത്തിയായിരുന്നു തരൂരിനെ ക്ഷണിച്ചത്. വ്യവസായ നയത്തിൻ്റെ പേരിൽ സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് തരൂർ എഴുതിയ ലേഖനം വിവാദമായ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്ഐ സ്റ്റാർട്ടപ്പ് ഫെസ്റ്റിലേക്ക് തരൂരിനെ ക്ഷണിച്ചത്.
ഡിവൈഎഫ്ഐയുടെ ഇടപെടലിനെയും തന്നെ ക്ഷണിക്കാൻ കാണിച്ച മനസിനേയും അഭിനന്ദിക്കുന്നുവെന്ന് തരൂർ പ്രതികരിച്ചതായും എ എ റഹീം അറിയിച്ചു. വികസന കാര്യത്തിൽ താൻ രാഷ്ട്രീയം നോക്കാറില്ലെന്നും തരൂർ പറഞ്ഞു. പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും ഈ രണ്ടു ദിവസങ്ങളിലും നേരത്തെ നിശ്ചയിച്ച പരിപാടികൾക്കായി യാത്ര ഉള്ളതിനാൽ മാവാസോയിൽ എത്തിച്ചേരാൻ സാധിക്കില്ല എന്ന അസൗകര്യവും തരൂർ അറിയിച്ചതായി എഎ റഹീം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
മാർച്ച് 1 നാണ് 'മവാസോ 2025' ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വെച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ആഫ്രിക്കൻ ഭാഷയായ സ്വാഹിലിയിൽ നിന്നെടുത്ത 'മവാസോ' എന്ന വാക്കിനർത്ഥം "ആശയങ്ങൾ" എന്നാണ്. കേരളത്തിലെ യുവാക്കളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കി ലോകനിലവാരത്തിലേക്കുള്ള ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും യുവജനങ്ങളുടെ മനസ് പാകപ്പെടുത്തി അവർക്ക് പുതിയ അവസരങ്ങൾ ഒരുക്കുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം.
വ്യാവസായിക മേഖലയിലെ വളര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ഇന്ത്യൻ എക്സ്പ്രസിൽ തരൂർ എഴുതിയ ലേഖനത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. കടുത്ത വിമർശനമാണ് പാർട്ടിക്കുള്ളിൽ നിന്ന് തരൂരിനെതിരെ ഉയർന്നത്. യൂത്ത് കോൺഗ്രസും കെഎസ്‌യുവും തരൂരിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനം എഴുതിയത് എന്നായിരുന്നു വിവാദങ്ങളോടുള്ള ശശി തരൂരിൻ്റെ പ്രതികരണം. 2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാർട്ടപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികമാണെന്നായിരുന്നു ലേഖനത്തിൽ പറഞ്ഞത്. പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ 'ചേഞ്ചിങ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗർ' എന്ന തലക്കെട്ടിലായിരുന്നു ലേഖനം. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചിരുന്നു.
ഇതിന് പിന്നാലെ തരൂരിനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഇരുവരും തരൂരുമായി ചർച്ച നടത്തിയിരുന്നു. ഇതിനിടെ തരൂർ ഇടതുപക്ഷത്തോട് അടുക്കുന്നുവെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇതിനിടെയാണ് ഡിവൈഎഫ്ഐയുടെ പരിപാടിയിലേക്കുള്ള തരൂരിന്റെ ക്ഷണവും ചർച്ചയാകുന്നത്
Content Highlight: DYFI Mawazo fest 2025: Shashi tharoor says he is busy, shares wishes