
തൃശൂർ: അതിരപ്പളളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ ഇന്ന് മയക്കുവെടിവെക്കും. മയക്കുവെടിവെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. ആനയെ ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. ശേഷം കൂട്ടിലിട്ട് ചികിത്സ നൽകാനാണ് തീരുമാനം. പ്രത്യേകം തയാറാക്കിയ വാഹനത്തിലാകും ആനയെ കോടനാട് ആന പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോവുക. മൂന്ന് കുങ്കിയാനകളെ ഇതിനകം തന്നെ അതിരപ്പിള്ളിയിൽ എത്തിച്ചിട്ടുണ്ട്. കോന്നി സുരേന്ദ്രൻ, വിക്രം, കുഞ്ചി എന്ന് മൂന്ന് കുങ്കിയാനകളെയാണ് അതിരപ്പള്ളിയിൽ എത്തിച്ചത്.
കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ച് വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് കാട്ടാനയെ വിധേയമാക്കിയിരുന്നു. മുറിവേറ്റ ആനയുടെ ആരോഗ്യം അൽപം മോശമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടർ അരുൺ സക്കറിയ വ്യക്തമാക്കിയിരുന്നു.
Content Highlights: elephant with head injury in athirappilly will be drugged today