
കൊച്ചി: കൊച്ചിയിൽ കാണാതായ പന്ത്രണ്ടുവയസുകാരിയെ കണ്ടെത്തിയത് കാളമുക്ക് ജംഗ്ഷനോട് ചേർന്ന മൂന്നാമത്തെ പാലത്തിൽ നിന്ന്. മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ട് ജോർജ് ജോയ് എന്നയാളാണ് കുട്ടിയെ കണ്ട വിവരം പൊലീസിൽ അറിയിച്ചത്. കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളിൽ പൊലീസ് വ്യാപക പരിശോധന നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. വടുതല സ്വദേശിയായ പന്ത്രണ്ടു വയസുകാരി സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്കു മടങ്ങവെ ഇന്നലെ വൈകിട്ടാണ് പച്ചാളത്തു വച്ച് കാണാതായത്. അമ്മയുടെ ഫോണുമായി കുട്ടി സ്കൂളിൽ എത്തിയതിനെ തുടർന്ന് സ്കൂൾ അധികൃതർ ഇതേക്കുറിച്ച് ചോദിക്കുകയും ഫോൺ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. അതിന്റെ മനോവിഷമത്തിൽ കുട്ടി മാറി നിന്നതാണെന്ന് പൊലീസ് അറിയിച്ചു.
'കുട്ടി സൈക്കിൾ ചവിട്ടി വരുന്നത് കണ്ടപ്പോൾ തന്നെ സംശയം തോന്നി. വാർത്ത കണ്ടത് കൊണ്ട് കുട്ടിയെ പിടിച്ചു നിർത്തി. എവിടെ പോകുകയാണ് എന്ന് ചോദിച്ചപ്പോൾ നായരമ്പലത്തേക്ക് പോകുകയാണെന്നാണ് പറഞ്ഞത്. പിന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വളരെ പേടിച്ചിരിക്കുകയായിരുന്നു. സ്കൂളിലെ പ്രശ്നം കൊണ്ട് മാനസിക ബുദ്ധിമുട്ട് ഉണ്ടെന്നും ഭക്ഷണം കഴിച്ചില്ലെന്നും പറഞ്ഞിരുന്നു. കുട്ടിയുടെ അമ്മയുടെ വീട് നായരമ്പലം ഭാഗത്താണെന്ന് കുട്ടി പറഞ്ഞു. വൈകിട്ട് നായരമ്പലം ഗ്രൗണ്ടിൽ ഇരുന്നിരുന്നു പിന്നീട് സൈക്കിൾ ചവിട്ടി വന്നതാണെന്നാണ് കുട്ടി പറഞ്ഞത്. വീട്ടിൽ നിന്നും അമ്മ വിളിച്ചപ്പോൾ ഇങ്ങനെ ഒരു കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞിരുന്നു. ആ സംശയത്തിലാണ് കുട്ടിയെ കണ്ട് വണ്ടി നിർത്തിയതെ'ന്ന് കുട്ടിയെ കണ്ടെത്തിയെന്ന് പൊലീസിൽ വിളിച്ചു പറഞ്ഞ ജോർജ് ജോയ് പറഞ്ഞു.
രക്ഷിതാക്കളുടെ പരാതിയിൽ എളമക്കര പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. ജയകുമാറിൻ്റെ നേതൃത്വത്തിലുളള സംഘവും ഒടുവിൽ പരിശോധനക്ക് ഇറങ്ങി. മാതാപിതാക്കളെയും ഒപ്പം കൂട്ടിയായിരുന്നു പൊലീസിന്റെ തിരച്ചിൽ. നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ആശ്വാസ വാർത്ത പൊലീസിന് ലഭിച്ചത്.
കുട്ടി സ്കൂൾ വിട്ട് സൈക്കിൾ ചവിട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടി ഇന്ന് മൊബൈൽ ഫോണുമായി സ്കൂളിൽ എത്തിയിരുന്നു, ഇത് സ്കൂൾ അധികൃതർ പിടിച്ചെടുത്തു. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു, ഇതിൽ മനോവിഷമം തോന്നിയ കുട്ടി സ്വയം മാറി നിന്നതാകാം എന്ന് പൊലീസ് പറഞ്ഞിരുന്നു.
Content Highlights: Missing Student Found at Vallarpadam