'വിധവയ്ക്ക് ലോകം കാണാൻ വിലക്കുണ്ടോ? സ്വലാത്ത് ആണിന് ബാധകമല്ലേ'; ഇബ്രാഹിം സഖാഫിക്ക് നഫീസുമ്മയുടെ മകളുടെ മറുപടി

മണാലിയിൽ മകൾക്കൊപ്പം ടൂർ പോയ നഫീസുമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നഫീസുമ്മയ്ക്കെതിരെ മതപരമായ ആശയങ്ങൾ ഉയർത്തിയുള്ള വിമർശനങ്ങളും ശക്തമായത്

dot image

കോഴിക്കോട്: മകളുമായി യാത്ര പോയതിന് നഫീസുമ്മയെ അധിക്ഷേപിച്ച കാന്തപുരം വിഭാ​ഗം നേതാവ് ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിക്ക് ശക്തമായ മറുപടി നൽകി മകൾ. മണാലിയിൽ മകൾക്കൊപ്പം ടൂർ പോയ നഫീസുമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മഞ്ഞിൽ കളിക്കുന്നതും മഞ്ഞ് കൂനകൾക്ക് മുകളിൽ കിടന്ന് തന്റെ സുഹൃത്തുക്കളോട് യാത്രയുടെയും മണാലിയിലെ മഞ്ഞ് മലകളുടേയും ഭം​ഗിയെ വിവരിക്കുന്ന നഫീസുമ്മയുടെ നിഷ്കളങ്കത മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. എന്നാൽ റീൽ വൈറലായതോടെ നഫീസുമ്മയെ അധിക്ഷേപിച്ച് നിരവധി മതപണ്ഡിതന്മാരുൾപ്പെടെ രം​ഗത്തെത്തിയിരുന്നു.

ഇതിനിടെയാണ് കാന്തപുരം വിഭാഗം നേതാവും എ.പി അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിൽ പുറത്തിറങ്ങുന്ന സുന്നി വോയ്സിന്റെ എഡിറ്റർ ഇൻ ചാർജുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി നഫീസുമ്മയെ അധിക്ഷേപിച്ച് പ്രസംഗിച്ചത്. '25 വർഷം മുമ്പ് ഭർത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് ദിഖ്റും സ്വലാത്തും ചൊല്ലേണ്ടതിന് പകരം ഏതോ ഒരു നാട്ടിൽ മഞ്ഞ് കളിക്കാൻ വേണ്ടി പോയിരിക്കുകയാണ്' എന്നായിരുന്നു ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ പരാമർശം. വിധവയായ സ്ത്രീക്ക് ലോകം കാണാൻ വിലക്കുണ്ടോ എന്നാണ് ഇതിന് മറുപടിയായി മകൾ കുറിച്ചത്. ലോകം പുരുഷന് കാണാൻ വേണ്ടി മാത്രം സൃഷ്ടിച്ചതാണോ എന്നും മകൾ ചോദിച്ചു. ഉസ്താദിന്റെ വാക്കുകൾ തകർത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണ്. എന്തിന് വേണ്ടിയാണോ ആർക്ക് വേണ്ടിയാണോ ആ ഉസ്താദ് അത് ചെയ്തതെന്ന് അറിയില്ല. അത് മൂലം തന്റെ ഉമ്മയുടെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ വീണിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളതിന് സമാധാനം പറഞ്ഞേ തീരൂവെന്നും മകൾ പറഞ്ഞു.

ഒരു വിഭാഗത്തോടും വെറുപ്പോ വിദ്വേഷമോ ഇല്ല. അതെ പോലെ ഞങ്ങളുടെ ശരിയും തെറ്റും ആരെയും ബോധിപ്പിക്കേണ്ടതുമില്ല. ആരോടും പ്രതികരിക്കാനോ മനസിലാക്കി തരാനോ ഉദ്ദേശമില്ലെന്നും മകൾ വ്യക്തമാക്കി. ഭർത്താവ് മരണപ്പെട്ട സ്ത്രീകൾ വീടിൻ‍റെ ഏതെങ്കിലുമൊരു മൂലയിൽ ഒതുങ്ങി കൂടണമെന്ന നിലപാട് പുരുഷവർ​ഗത്തിന് ബാധകമല്ലേയെന്ന ചോദ്യവും മകൾ ഉന്നയിക്കുന്നുണ്ട്.

ഒരു സ്ത്രീ വിധവയാകുമ്പോൾ അവൾ കടന്നു പോകുന്ന സാഹചര്യം ഈ പറഞ്ഞ ആളുകൾക്ക് മനസ്സിലാകുമോ എന്നെനിക്ക് അറിയില്ല. മൂന്ന് പെൺമക്കളെയും, കാഴ്ചനഷ്ടപ്പെട്ട നടക്കാൻ കഴിയാത്ത ഉമ്മയെയും, വൃദ്ധയായ ബാപ്പയെയും ദിവസത്തിൽ ഒരു നേരമെങ്കിലും ഭക്ഷണം കൊടുക്കാൻ സാധിച്ചെങ്കിലന്നോർത്ത് വീടുകൾ തോറും കൈ നീട്ടേണ്ടി വന്ന പെണ്ണിന്റെ അവസ്ഥ നിങ്ങൾക്ക് മനസ്സിലാവില്ല. ആയുസിന്റെ പകുതിയോളം കഷ്ടപാടും ദുരിതവും അനുഭവിച്ച എന്റുമ്മ ഇന്നൊന്ന് ഒരു യാത്ര പോയതാണോ നിങ്ങൾ കണ്ട കൊടും പാപമെന്നും മകൾ ചോദിച്ചു.

കുറിപ്പിൻ്റെ പൂർണ രൂപം

25 വർഷം മുന്നെ ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീക്ക് ലോകം കാണാൻ അവകാശമി​ല്ലേ​?യാത്രകൾ പുതിയ അനുഭവങ്ങൾ സമ്മാനിക്കുമെന്ന് പറയാറുണ്ട്. അതേ പോലെ പരന്നു കിടക്കുന്ന പടച്ചോന്റെ സൃഷ്ടികൾ കാണാനായി കഴിഞ്ഞ ഡിസംബർ മാസത്തിൽ ഞാനും എന്റെ ഉമ്മയും ‘‘അന്യ സംസ്ഥാനമായ മഞ്ഞ് വീഴുന്ന മണാലിയിലേക്ക്’’ പോയിരുന്നു. തീർത്തും ആനന്ദകരമായ യാത്രയ്ക്കിടയിൽ ആദ്യമായ് മഞ്ഞു കണ്ട ആഹ്ലാദത്തിൽ നിഷ്കളങ്കയായ എന്റുമ്മച്ചി മഞ്ഞിൽ അത്യാഹ്ലാദത്തോടെ സന്തോഷിക്കുകയും അതൊരു റീലായി പുറത്ത് വരുകയുമുണ്ടായി. അതിന് പിന്നാലെയായി തെറിയഭിഷേകവും,അടക്കം പറച്ചിലും നിരവധി ഞങ്ങളിലേക്ക് എത്തിയപ്പോഴും ഉമ്മാനെസമാധാനിപ്പിച്ച് പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ട് വരാൻ എനിക്കന്ന് കഴിഞ്ഞിരുന്നു. എന്നാൽ അത് ഒരിക്കലും മതപരമായ രീതിയിലേക്ക് വളച്ചൊടിച്ച് ഗുരുതര പ്രശ്നമായി ചിത്രീകരിക്കപ്പെടുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല.ഒരു പ്രമുഖ പണ്ഡിതൻ ഒരു പ്രഭാഷണത്തിലൂടെ തകർത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണ്. എന്തിന് വേണ്ടിയാണോ ആർക്ക് വേണ്ടിയാണോ ആ ഉസ്താദ് അത് ചെയ്തതെന്ന് എനിക്കറിയില്ല. അത് മൂലം എന്റെ ഉമ്മാന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ വീണിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളതിന് സമാധാനം പറഞ്ഞേ തീരൂ.

എനിക്കൊരു വിഭാഗത്തോടും വെറുപ്പോ വിദ്വേഷമോ ഇല്ല. അതെ പോലെ ഞങ്ങളുടെ ശരിയും തെറ്റും ആരെയും ബോധിപ്പിക്കേണ്ടതുമില്ല.ആരോടും പ്രതികരിക്കാനോ മനസിലാക്കി തരാനോ എനിക്കുദ്ദേശമില്ല. എന്നാൽ കൂടിയും ആ പ്രസംഗം കാരണം ഇന്ന് എന്റുമ്മക്ക് മരണവീട്ടിൽ പോലും പോകാൻ സാധിക്കാത്ത അവസ്ഥയാണ്. നിങ്ങളത് കൊണ്ട് എന്ത് നേടി?? അവരെ പിന്തുണക്കുന്നവർക്ക് അത് കൊണ്ട് എന്ത് കിട്ടി?അതിലാ ഉസ്താദ് പറയുന്ന ഒരു കാര്യമുണ്ട് “ഇരുപത്തിയഞ്ച് വർഷമായി ഭർത്താവ് മരണപ്പെട്ട വലിയുമ്മാക്ക് ഏതെങ്കിലും മൂലയ്ക്കിരുന്ന് ദിക്റും സ്വലാത്തും ചൊല്ലിയാൽ പോരെ എന്ന്’’ എന്ത് കൊണ്ടാണ് അങ്ങനെയൊരു പരാമർശം നടത്തിയതെന്ന് എനിക്ക് മനസിലാവുന്നില്ല.

എന്തേയ് ഒരു വിധവക്ക് ലോകം കാണാൻ വിലക്കുണ്ടോ?? അല്ലെങ്കിൽ ലോകം പുരുഷന് കാണാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണോ?? അല്ലെങ്കിൽ തന്നെ ആണുങ്ങൾക്ക് ഈ പറഞ്ഞ സ്വലാത്തൊ​ന്നും ബാധകമല്ലെന്നാണോ??? ഇബാദത്ത് പടച്ചോനും പടപ്പും തമ്മിൽ ആവില്ലേ നിങ്ങക്കെന്തിനാ ഇത്ര ബേജാർ???എന്റെ ഉമ്മാന്റെ അമലുകളും നന്മകളും പടച്ച റബ്ബിനറിയുന്നിടത്തോളം പടപ്പായ നമ്മൾ അതിൽ തല പുകക്കേണ്ടതുണ്ടോ?ഉസ്താദ് പറഞ്ഞ പോലെ പത്തിരുപത്തിനാല് കൊല്ലത്തോളം എന്റുമ്മ ജീവിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഊഹിക്കാവുന്നതിലും അപ്പുറത്തെ ദാരിദ്ര്യത്തിലൂടെ കടന്ന് പോയിട്ടുണ്ട്. എല്ലാ കൂലിവേലകളും ചെയ്തിട്ടുണ്ട്. താൻ പൂർണഗർഭിണിയായ ദിവസം,അതായത് എന്നെ പ്രസവിക്കുന്നന്ന് പോലും എന്റെയുമ്മ ഞങ്ങളുടെ വിശപ്പടക്കാൻ, വീട് പണി നടക്കുന്ന സമയത്ത് പണിക്കാർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കാനുമായി എന്റെയുമ്മക്ക് പോവേണ്ടി വന്നിട്ടുണ്ട് ..

ഒരു സ്ത്രീ വിധവയാകുമ്പോൾ അവൾ കടന്നു പോകുന്ന സാഹചര്യം ഈ പറഞ്ഞ ആളുകൾക്ക് മനസ്സിലാകുമോ എന്നെനിക്ക് അറിയില്ല. മൂന്ന് പെൺമക്കളെയും, കാഴ്ചനഷ്ടപ്പെട്ട നടക്കാൻ കഴിയാത്ത ഉമ്മയെയും, വൃദ്ധയായ ബാപ്പയെയും ദിവസത്തിൽ ഒരു നേരമെങ്കിലും ഭക്ഷണം കൊടുക്കാൻ സാധിച്ചെങ്കിലന്നോർത്ത് വീടുകൾ തോറും കൈ നീട്ടേണ്ടി വന്ന പെണ്ണിന്റെ അവസ്ഥ നിങ്ങൾക്ക് മനസ്സിലാവില്ല. ആയുസിന്റെ പകുതിയോളം കഷ്ടപാടും ദുരിതവും അനുഭവിച്ച എന്റുമ്മ ഇന്നൊന്ന് ഒരു യാത്ര പോയതാണോ നിങ്ങൾ കണ്ട കൊടും പാപം.ഇവരെ അനുകൂലിക്കുന്ന മനുഷ്യരെ ഇനി നിങ്ങളോടാണ്..!!! പ്രയാസത്തിന്റെ പടുകുഴിയിൽ കൂപ്പ് കുത്തിയപ്പോഴും തളരാതെ എന്റുമ്മ അന്ന് പിടിച്ച് നിന്നത് ഞങ്ങൾ മക്കളെയോർത്താണ്…കാരണം ഒരു മനുഷ്യൻ ശരിക്കും യത്തീമാവുന്നത് ഉപ്പ മരിക്കുമ്പോഴല്ല ,അവന്റെ മാതാവിനെ നഷ്ടപ്പെടുമ്പോഴാണ്. ദുഃഖഭാരത്തിന്റെ അങ്ങേ തലയ്ക്കൽ ആയുസിന്റെ നല്ലൊരു ഭാഗവും നഷ്ടമായപ്പോൾ ഇന്നൊരു യാത്ര പോയതാണോ എന്റുമ്മ ചെയ്ത തെറ്റ്???? ഈ പ്രതിസന്ധി ഘട്ടത്തിലും മറ്റൊന്നും പ്രതീക്ഷിക്കാതെ കൂടെ നിന്ന നിൽക്കുന്ന ഒത്തിരി നല്ല മനുഷ്യരുണ്ട്…. ആ മനുഷ്യരോടാണിനി പറയാൻ ഉള്ളത്.. നന്ദിയുണ്ട് ഒരുപാട് - എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Content Highlight: Nafeesumma and daughter, viral person after her reel in manali, replies to Ibrahim sakafi puzhakkattiri

dot image
To advertise here,contact us
dot image