പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞു; പിതാവിനെ തീകൊളുത്തി 14കാരന്‍; ദാരുണാന്ത്യം

പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന് മുകളില്‍ നിന്ന് അലീമിന്റെ നിലവിളി കേട്ട് വീട്ടുടമസ്ഥന്‍ റിയാസുദ്ദീന്‍ ഉണര്‍ന്നു

dot image

ഫരീദാബാദ്: പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞ പിതാവിനെ തീകൊളുത്തി പതിനാലുകാരനായ മകന്‍. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പിതാവ് മരിച്ചു. അജയ് നഗര്‍ പാര്‍ട്ട് 2ല്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് അലീം (55) ആണ് മരിച്ചത്.

ഇന്നലെയാണ് സംഭവം നടന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന് മുകൾ നിയലിൽ നിന്ന് അലീമിന്റെ നിലവിളി കേട്ട് വീട്ടുടമസ്ഥന്‍ റിയാസുദ്ദീന്‍ ഉണര്‍ന്നു. മുകളില്‍ എത്തി നോക്കുമ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരന്റെ സഹായത്തോടെ റിയാസുദ്ദീന്‍ ടെറസില്‍ കയറിയപ്പോഴാണ് മുറിക്ക് തീപിടിച്ചതായി കാണുന്നത്. റിയാസുദ്ദീനും അയല്‍വാസിയും ചേര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് നോക്കുമ്പോള്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ അലീമിനെ കാണുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച്തന്നെ അലീം മരിച്ചു. ഈ സമയം പതിനാലുകാരന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് പിതാവ് വഴക്കു പറഞ്ഞതായി പതിനാലുകാരന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഇതിൻ്റെ ദേഷ്യത്തില്‍ തീകൊളുത്തുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. കുട്ടിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് അലീമും കുടുംബവും ഫരീദാബാദില്‍ എത്തിയത്. തുടര്‍ന്ന് റിയാസുദ്ദീന്റെ വീടിന് മുകളില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. അലീമിന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. അലീമിന് മറ്റ് നാല് മക്കള്‍ കൂടിയുണ്ട്. വിവാഹിതരായ ഇവര്‍ മറ്റിടങ്ങളിലാണ് താമസിക്കുന്നത്.

Content Highlights- 14 years old son set his father on fire in Haryana

dot image
To advertise here,contact us
dot image