'അരമണിക്കൂർ സംസാരിച്ചു, വാതിലടച്ച് സംസാരിച്ച വിഷയം പറയുന്നത് ശരിയല്ല';രാഹുൽഗാന്ധിയെ സന്ദർശിച്ച് മടങ്ങി ശശിതരൂർ

പരാതി പറയാന്‍ അല്ല രാഹുലിനെ കാണാന്‍ പോയതെന്നും ശശി തരൂര്‍

dot image

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ആവശ്യപ്പെട്ടത് താനാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. നല്ല കൂടിക്കാഴ്ചയായിരുന്നുവെന്നും തങ്ങള്‍ രണ്ട് പേര്‍ മാത്രമേയുണ്ടായിരുന്നുള്ളുവെന്നും ശശി തരൂര്‍ പറഞ്ഞു. അരമണിക്കൂര്‍ സംസാരിച്ചെന്നും വാതിലടച്ച് സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് പറയുന്നത് ശരിയല്ലെന്നും പറഞ്ഞ അദ്ദേഹം ചര്‍ച്ചാ വിഷയം എന്താണെന്ന് വ്യക്തമാക്കിയില്ല. രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് മടങ്ങിയെത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താനെഴുതിയ ലേഖനത്തെക്കുറിച്ച് വിമര്‍ശനമുള്ളവര്‍ വിമര്‍ശിക്കട്ടെയെന്നും വിവാദമുണ്ടായത് നന്നായെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. 'ചില വിഷയങ്ങള്‍ അദ്ദേഹത്തോട് സംസാരിക്കാനുണ്ടായിരുന്നു, സംസാരിച്ചു. പരാതി പറയാന്‍ അല്ല രാഹുലിനെ കാണാന്‍ പോയത്. ചില അഭിപ്രായങ്ങള്‍ പറഞ്ഞു. തിരഞ്ഞെടുപ്പോ ചുമതലകളോ ചര്‍ച്ച ആയില്ല. മറ്റ് കാര്യങ്ങളാണ് സംസാരിച്ചത്. ലേഖനത്തെക്കുറിച്ച് വിമര്‍ശനമുള്ളവര്‍ പറയട്ടെ. ഞാന്‍ ഉദ്ധരിച്ച ചില സ്രോതസുകളെ കുറിച്ച് അവര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ആരുടെയെങ്കിലും കാഴ്ചപ്പാട് ആവര്‍ത്തിക്കാനല്ല ഞാന്‍ ഇറങ്ങിയത്', ശശി തരൂര്‍ പറഞ്ഞു.

വര്‍ഷങ്ങളായി താന്‍ പറയുന്ന കാര്യങ്ങളാണ് ലേഖനത്തില്‍ ആവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. '15, 16 വര്‍ഷമായി പറയുന്ന കാര്യമാണ് കേരളത്തില്‍ തൊഴിലില്ലായ്മ കാരണം യുവാക്കള്‍ നാട് വിട്ട് പോകുന്നു. അവര്‍ക്ക് തൊഴില്‍ സാധ്യതകള്‍ കൂടുതലുണ്ടാക്കാന്‍ വേണ്ടി ഇന്‍വെസ്റ്റ്‌മെന്റ് കൊണ്ടുവരണം, പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ ഉണ്ടാകണമെന്ന കാര്യങ്ങള്‍ കുറേ വര്‍ഷമായി ഞാന്‍ പറയുന്നതാണ്. പുതിയ കാര്യമല്ല പറഞ്ഞത്. പെട്ടെന്ന് ഒരു റിപ്പോര്‍ട്ട് കാണുമ്പോള്‍ ആ റിപ്പോര്‍ട്ടില്‍ ഞാന്‍ ആവശ്യപ്പെട്ട കാര്യം കഴിഞ്ഞ 18 മാസത്തില്‍ സംഭവിച്ചെന്ന് കേട്ടപ്പോള്‍ ഞാനത് അംഗീകരിച്ചു. ഇത് ആദ്യം കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ പരിപാടിയില്‍ സംസാരിച്ചു. ഇത് ഡേറ്റ ഉപയോഗിച്ച് ലേഖനമെഴുതി. അത് വിവാദമായി. വിവാദമായത് നന്നായി. വിഷയത്തെക്കുറിച്ച് ചര്‍ച്ചയുണ്ടാകട്ടെ', ശശി തരൂര്‍ പറഞ്ഞു.

കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ നടക്കുന്നുണ്ടോ, തൊഴില്‍ സാധ്യതകള്‍ കൂടുന്നുണ്ടോ, സാമ്പത്തിക വളര്‍ച്ച നന്നാകുന്നുണ്ടോ തുടങ്ങിയ ചര്‍ച്ചകള്‍ നടക്കട്ടെയെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയുള്ള ചര്‍ച്ചകളാണ് രാഷ്ട്രീയത്തില്‍ വരേണ്ടത്. നമ്മുടെ രാഷ്ട്രീയത്തില്‍ വെറും പാര്‍ട്ടി പൊളിറ്റിക്‌സ് കളിച്ചിട്ട് കാര്യമില്ലെന്നും ജനങ്ങളുടെ ഭാവിയെക്കുറിച്ച് നമ്മള്‍ എന്ത് ചെയ്യുന്നുവെന്ന് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം വിമര്‍ശിച്ചു. സിപിഐഎമ്മിന്റെ രേഖയല്ല താന്‍ ഉദ്ധരിച്ചതെന്നും ഗ്ലോബല്‍ സ്റ്റാര്‍ട്ട് അപ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടും ഈസ് ഓഫ് ഡൂയിങ്ങുമാണ് ഉദ്ധരിച്ചതെന്നും ശശി തരൂര്‍ വ്യക്തമാക്കി. അത് തെറ്റാണെങ്കില്‍ ജനങ്ങള്‍ ചൂണ്ടിക്കാട്ടട്ടെയെന്നും രാഷ്ട്രീയം കളിക്കാനല്ല ലേഖനമെഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്‌ഐയുടെ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ സമയമില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. 'എന്റെ പരിപാടികള്‍ ആഴ്ചകള്‍ക്ക് മുന്‍പ് തീരുമാനിക്കുന്നതാണ്. സമയമുണ്ടായിരുന്നെങ്കില്‍ പങ്കെടുക്കുമോ എന്നത് അപ്പോള്‍ ചിന്തിക്കേണ്ട കാര്യമാണ്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് ആരെന്നൊക്കെ നോക്കിയാവും ആ തീരുമാനമെടുക്കുക. തീയതിയില്ലാത്തതോടെ അത്തരം ആലോചനകള്‍ക്കൊന്നും പ്രസക്തിയില്ല', ശശി തരൂര്‍ വ്യക്തമാക്കി.

Content Highlights: Shashi Tharoor reaction after Rahul Gandhi visit

dot image
To advertise here,contact us
dot image