
പാലക്കാട്: വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് വേണ്ടെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ പാലക്കാട് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. മദ്യ കമ്പനിക്ക് വേണ്ടി സര്‍ക്കാര്‍ ചട്ടങ്ങള്‍ വരെ ഭേദഗതി ചെയ്യുന്നുവെന്ന് രേവതി ബാബു വിമര്‍ശിച്ചു. ചട്ടം കൊണ്ടുവന്നാല്‍ പഞ്ചായത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാനാകില്ല. ഭൂമി നികത്തിയാലും അനധികൃതമായി റോഡ് നിര്‍മ്മിച്ചാലും പഞ്ചായത്തിന് യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് രേവതി ബാബു വിമര്‍ശിച്ചു.
പഞ്ചായത്തുകളുടെ അധികാരത്തിന്മേലുള്ള കൈകടത്തലാണ് സര്‍ക്കാര്‍ പ്രഖ്യാപനമെന്നും രേവതി ബാബു ആരോപിച്ചു. അഴിമതി പണം വാങ്ങി എക്‌സൈസ് മന്ത്രി ബ്രൂവറി കമ്പനിക്ക് കൂട്ട് നിന്നാണ് ഭേദഗതി കൊണ്ടുവന്നത്. ജനങ്ങളെ അണിനിരത്തി കമ്പനിക്കെതിരെ പോരാട്ടം തുടരും. സര്‍ക്കാര്‍ എന്ത് ചെയ്താലും മദ്യനിര്‍മ്മാണ കമ്പനി എലപ്പുള്ളിയില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും രേവതി ബാബു പറഞ്ഞു.
എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണ പ്ലാന്റിന് കെട്ടിടവും റോഡും നിര്‍മ്മിക്കുന്നതിനും സ്ഥലം നികത്തുന്നതിനും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്. ഇതിനിടെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി പ്ലാന്റ് ആരംഭിക്കുന്നതിന് പുതിയ തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. ബ്രൂവറി കാറ്റഗറി ഒന്നിലാണോ വരുന്നത് എന്നു നോക്കിയാല്‍ മാത്രമെ തനിക്ക് പറയാന്‍ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Content Highlights: Elappully Panchayath President Revathi Babu Against Government's License Excemption