കാറ്റഗറി 1 ഭേദഗതി നേരത്തേ ചര്‍ച്ച ചെയ്തത്; തീരുമാനം ഒരു സ്ഥാപനത്തിന് വേണ്ടി മാത്രമല്ലെന്ന് മന്ത്രി പി രാജീവ്

ചട്ടങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മന്ത്രി

dot image

തിരുവനന്തപുരം: കാറ്റഗറി 1 ഭേദഗതി ബ്രൂവറിക്ക് വേണ്ടിയുള്ള വഴിവിട്ട സഹായമെന്നുള്ള ആക്ഷേപങ്ങള്‍ക്കിടെ പ്രതികരിച്ച് ധനമന്ത്രി പി രാജീവ്. വിഷയം വളരെ നേരത്തേ തന്നെ ചര്‍ച്ച ചെയ്തതാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു രൂപ രേഖ തയ്യാറാക്കിയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ചട്ടങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത് പൊതുവായി സ്വീകരിക്കുന്ന സമീപനമാണ്. ഒരു സ്ഥാപനത്തിന് വേണ്ടി മാത്രമല്ല സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു പ്രശ്‌നം സര്‍ക്കാരിന്റെ മുന്നില്‍ വന്നാല്‍ ആ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയല്ല സര്‍ക്കാര്‍ ചെയ്യുന്നത്. അതിന് വേണ്ടി മാത്രം പ്രത്യേക ഉത്തരവ് ഇറക്കാറില്ല. ആ പ്രശ്‌നം പൊതുവെ എങ്ങനെ പരിഹരിക്കാം എന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. വിമര്‍ശനം പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമല്ലേയെന്നും ഇനിയും ചില മാറ്റങ്ങള്‍ വരാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യവസായ മേഖലയില്‍ കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്ക് ഇനി മുതല്‍ പഞ്ചായത്തിന്റെ ലൈസന്‍സ് വേണ്ടെന്ന് വ്യക്തമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് രംഗത്തെത്തിയിരുന്നു. ഇത്തരം സംരംഭങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ മാത്രം മതിയാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. കാറ്റഗറി 1 ഭേദഗതി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടപ്പോള്‍ തന്നെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേപ്പറ്റി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ എലപ്പുള്ളിയിലെ ബ്രൂവറിയുമായി പുതിയ തീരുമാനങ്ങള്‍ക്ക് ബന്ധമില്ലെന്ന് മന്ത്രി പറഞ്ഞു.

അതിനിടെ ബ്രൂവറി ജനദ്രോഹ നടപടിയാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബ്രൂവറി സംബന്ധിച്ച തീരുമാനം സര്‍ക്കാരിന്റെ അന്ത്യം കുറിക്കും. കൊക്കകോളയെ ഓടിച്ചവര്‍ ബ്രൂവറി കൊണ്ടുവരുന്നത് വിരോധാഭാസമാണ്. എന്ത് ന്യായം പറഞ്ഞാലും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയില്ല. പാലക്കാട് കുടിക്കാന്‍ വെള്ളം ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Content Highlights- minister p rajeev on categery one amendment

dot image
To advertise here,contact us
dot image