'സംഘപരിവാറിന് പാദസേവ ചെയ്യുന്ന വിസി; മോഹനന്‍ കുന്നുമ്മലിനെ പുറത്താക്കണം'; പ്രമേയം പാസാക്കി എസ്എഫ്ഐ

'ആരോഗ്യ സര്‍വകലാശാലയുടെ കൂടി വൈസ് ചാന്‍സിലറായ മോഹനന്‍ കുന്നുമ്മല്‍ കേരള സര്‍വകലാശാലയിലേക്ക് തിരിഞ്ഞു നോക്കുന്നില്ല'

dot image

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി എസ്എഫ്‌ഐ.കേരള വിസി മോഹനന്‍ കുന്നുമ്മലിനെ പുറത്താക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സമ്മേളനത്തില്‍ എസ്എഫ്‌ഐ പ്രമേയം അവതരിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പതിനൊന്നിനാണ് കേരള സര്‍വകലാശാലയില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി അഞ്ച് മാസങ്ങള്‍ പിന്നിടുമ്പോഴും യൂണിയനെ സത്യപ്രതിജ്ഞ ചെയ്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ജനാധിപത്യ വിരുദ്ധ നിലപാടാണ് വിസി സ്വീകരിക്കുന്നതെന്ന് എസ്എഫ്‌ഐ ആരോപിച്ചു. കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ജനറല്‍ സീറ്റില്‍ ഏഴില്‍ ഏഴും എക്‌സിക്യൂട്ടീവില്‍ പതിനഞ്ചില്‍ പതിമൂന്നും അകൗണ്ട്‌സ് കമ്മിറ്റിയില്‍ അഞ്ചില്‍ അഞ്ചും സ്റ്റുഡന്‍സ് കൗണ്‍സിലില്‍ പത്തില്‍ എട്ട് സീറ്റും നേടിയായിരുന്നു എസ്എഫ്‌ഐ വിജയിച്ചത്. എസ്എഫ്‌ഐയുടെ വിജയത്തെ അംഗീകരിക്കാന്‍ സാധിക്കാത്ത സംഘപരിവാര്‍ രാഷ്ട്രീയവും മനസുമാണ് വൈസ് ചാന്‍സിലറുടെ നിലപാടിലൂടെ പ്രതിഫലിക്കുന്നതെന്നും എസ്എഫ്‌ഐ ആരോപിച്ചു.

കേരള സര്‍വകലാശാല സെനറ്റിലേക്ക് എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ പിന്‍വാതിലിലൂടെ തിരുകി കയറ്റാനായിരുന്നു ഗവര്‍ണര്‍-സംഘപരിവാര്‍- വൈസ്-ചാന്‍സിലര്‍ ത്രയത്തിന്റെ ശ്രമമെന്നും എസ്എഫ്‌ഐ പറഞ്ഞു. ഇതിനെതിരെ എസ്എഫ്‌ഐ സംഘടിപ്പിച്ച അതിശക്തമായ വിദ്യാര്‍ത്ഥി സമരങ്ങളോടുള്ള രാഷ്ട്രീയ പ്രതികാരമാണ് യൂണിയനെതിരെ സ്വീകരിച്ചിരിക്കുന്ന നടപടി. ഈ അദ്ധ്യയന വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ സര്‍വകലാശാല കലോത്സവം സംഘടിപ്പിക്കാന്‍ സാധിക്കാത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സമീപനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എസ്എഫ്‌ഐ പറഞ്ഞു.

ആരോഗ്യ സര്‍വകലാശാലയുടെ കൂടി വൈസ് ചാന്‍സിലറായ മോഹനന്‍ കുന്നുമ്മല്‍ കേരള സര്‍വകലാശാലയിലേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നും എസ്എഫ്‌ഐ കൂട്ടിച്ചേര്‍ത്തു. വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ മാത്രമാണ് വൈസ് ചാന്‍സിലര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നത്. സെനറ്റ്-സിന്‍ഡിക്കേറ്റ് യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുവാന്‍ പോലും വിസി തയ്യാറാകുന്നില്ല. ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട അടിയന്തര സേവനങ്ങള്‍ പോലും വിസിയുടെ സമീപനം മൂലം നല്‍കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് യൂണിവേഴ്‌സിറ്റി. ജനാധിപത്യപരമായ വിദ്യാര്‍ത്ഥി സമരങ്ങളെ ഭയപ്പെട്ട് ഭീരുവിനെ പോലെ ഒളിച്ചോടുന്ന വൈസ് ചാന്‍സിലറുടെ സമീപനം പരിഹാസ്യമാണെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.

വിദ്യാര്‍ത്ഥി വിരുദ്ധ-ജനാധിപത്യവിരുദ്ധ നിലപാടുകള്‍ തുടരുന്ന, കാലാവധി പൂര്‍ത്തിയായിട്ടും സംഘപരിവാറിന് പാദസേവ ചെയ്തു കൊടുത്ത് നീട്ടികിട്ടിയ വൈസ് ചാന്‍സിലര്‍ പദവി ദുരുപയോഗം ചെയ്ത് യൂണിയന്‍ പ്രവര്‍ത്തനത്തെ പോലും തടസപ്പെടുത്തുന്ന വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മലിനെ പുറത്താക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image