
കൊച്ചി: അപേക്ഷകള്‍ തീര്‍പ്പാക്കണമെങ്കില്‍ കൈക്കൂലിക്കൊപ്പം മദ്യവും. കൈക്കൂലിക്കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒ ടി എം ജേഴ്‌സണ്‍ പിന്തുടര്‍ന്നിരുന്ന രീതിയായിരുന്നു ഇത്. ഇന്നും ഇന്നലെയുമായി ജേഴ്‌സണിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത് ചെറുതും വലുതുമായ 74 മദ്യക്കുപ്പികളായിരുന്നു. ഇതില്‍ പലതരത്തിലുള്ള ബ്രാന്‍ഡുകളുണ്ടായിരുന്നു.
ജേഴ്‌സണെ കുടുക്കിയ ബുധനാഴ്ചത്തെ കൈക്കൂലി കേസിലും മദ്യക്കുപ്പി ചോദിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. ബസിന്റെ റൂട്ട് പെര്‍മിറ്റ് പുതുക്കി മറ്റൊരു ബസിലേക്ക് മാറ്റാന്‍ ചെല്ലാനം സ്വദേശിയോട് ഇയാള്‍ ആവശ്യപ്പെട്ടത് 25,000 രൂപയായിരുന്നു. ഇതിനൊപ്പം മദ്യക്കുപ്പിയും ജേഴ്‌സണ്‍ ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തേക്ക് താത്ക്കാലികമായി പെര്‍മിറ്റ് പുതുക്കി നല്‍കിയെങ്കിലും പിന്നീട് അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. തുടര്‍ന്ന് കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ ജേഴ്‌സണിന്റെ ഏജന്റുമാരായ രാമ പടിയാര്‍, സജി എന്നിവര്‍ രംഗത്തെത്തി. ഇതോടെ ചെല്ലാനം സ്വദേശി വിജിലന്‍സിനെ വിവരം അറിയിച്ചു.
വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം കൈക്കൂലിയുടെ ആദ്യ ഗഡുവായി 5,000 രൂപ നല്‍കാന്‍ രാമ പടിയാറെയും സജിയേയും ചെല്ലാനം സ്വദേശി സമീപിച്ചു. ജേഴ്‌സണ്‍ ആവശ്യപ്പെട്ട പ്രകാരം മദ്യക്കുപ്പിയും ഇദ്ദേഹം കരുതിയിരുന്നു. പണവും മദ്യവും കൈമാറിയതിന് പിന്നാലെ വിജിലന്‍സ് ഏജന്റുമാരെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ ജേഴ്‌സണ് വേണ്ടിയാണ് കൈക്കൂലി വാങ്ങിയതെന്ന് ഇവര്‍ സമ്മതിച്ചു. തുടര്‍ന്നാണ് ജേഴ്‌സണെ വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തത്.
വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ജേഴ്‌സണിന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളിലായി 84 ലക്ഷം രൂപയുള്ളതായി കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ സ്വന്തമാക്കിയിട്ടുള്ള വസ്തുവകകളുടെ രേഖകള്‍ പരിശോധിക്കുകയാണെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. അതിനിടെ ജേഴ്‌സണിനെതിരെ അബ്കാരി കേസും രജിസ്റ്റര്‍ ചെയ്തു. പരിധിയിലധികം മദ്യം വീട്ടില്‍ സൂക്ഷിച്ചതിന് അബ്കാരി ആക്ട് പ്രകാരം എളമക്കര പൊലീസാണ് കേസെടുത്തത്. റെയ്ഡില്‍ പിടിച്ചെടുത്ത മദ്യം വിജിലന്‍സ് പൊലീസിന് കൈമാറിയിരുന്നു.
Content Highlights- vigilance found 84 lakhs in account of rto who arrested for bribery case