
മലപ്പുറം: മാരക വസ്തുക്കള്‍ ചേര്‍ത്ത തേയിലപ്പൊടി കേരളത്തില്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍ക്കെതിരെ അന്വേഷണം. ജില്ലാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അഫ്‌സാന പര്‍വീൺ അറിയിച്ചു. ചായയുടെ കടുപ്പം വര്‍ധിപ്പിക്കുന്നതിനായി മാരക രാസവസ്തുക്കള്‍ ചേര്‍ത്ത തേയിലപ്പൊടി നിര്‍മ്മിക്കുകയും കേരളത്തില്‍ ഉള്‍പ്പെടെ വിതരണം ആവശ്യക്കാരുണ്ടെന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുകൊണ്ടുവന്നത്.
തമിഴ്‌നാട്ടിലെ കൂനൂര്‍ കേന്ദ്രീകരിച്ചാണ് വ്യാപകമായി വ്യാജ തേയിലപ്പൊടി വിതരണം നടക്കുന്നത്. കോയമ്പത്തൂര്‍, സേലം ഭാഗത്ത് നിന്നും വരുന്ന തേയിലപ്പൊടികളിലാണ് ഇത്തരത്തില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. ഇക്കാര്യം അന്വേഷണം നടത്താന്‍ തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പിനോടും ആവശ്യപ്പെടുമെന്ന് അഫ്‌സാന പര്‍വീണ്‍ പറഞ്ഞു.
കേരള-തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് തീരുമാനം. ചെക്ക്‌പോസ്റ്റുകളിലും പരിശോധന നടത്തും. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പരിശോധന കര്‍ശനമാക്കും. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. അതില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ലൂസ് പാക്കറ്റുകളില്‍ ആയരിക്കണം രാസവസ്തുക്കള്‍ ചേര്‍ക്കാന്‍ സാധ്യത. ബ്രാന്‍ഡഡ് അല്ലാത്ത പാക്കറ്റ് തേയിലപ്പൊടികളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പറഞ്ഞു.
Content Highlights: food safety department inspection adding toxic substances in Tea powder