INVESTIGATION: സർവം മായം: കൂനൂരിൽ മാരക രാസവസ്തുക്കൾ ചേർത്ത തേയിലപ്പൊടി നിർമ്മാണം; കേരളത്തിലും ആവശ്യക്കാർ

വ്യാജ തേയിലപൊടിയുടെ ഉറവിടം തേടി റിപ്പോർട്ടർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ

dot image

മലപ്പുറം: ചായയിൽ കടുപ്പം കൂട്ടാൻ മാരക രാസവസ്തുക്കൾ ചേർത്ത തേയിലപ്പൊടി നിർമ്മാണം വ്യാപകം. വ്യാജ തേയിലപൊടിയുടെ ഉറവിടം തേടി റിപ്പോർട്ടർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. തമിഴ്നാട് കൂനൂരിലെ വ്യാജ തേയിലപ്പൊടി വിതരണക്കാരെ റിപ്പോർട്ടർ കണ്ടെത്തി. കേരളത്തിലും ഇതിന് ആവശ്യക്കാരേറെയാണെന്നാണ് വെളിപ്പെടുത്തൽ. ആവശ്യത്തിന് അനുസരിച്ച്‌ കളർ കൂട്ടി നൽകാമെന്നും കൊറിയർ അയക്കാമെന്നും വിതരണക്കാർ പറഞ്ഞു. റിപ്പോർട്ടറിൻ്റെ അന്വേഷണത്തിനിടെയായിരുന്നു വെളിപ്പെടുത്തൽ. കോയമ്പത്തൂരിൽ നിന്നും സേലത്തും നിന്നും കൊണ്ട് വരുന്ന തേയിലപ്പൊടികളിലാണ് ഇത്തരം മായം ചേർക്കുന്നത്. ആവശ്യക്കാർ ഏറിയതോടെ ഇവയുടെ വിതരണം ഇപ്പോൾ കൂനൂരിൽ വ്യാപകമാണ്.

സമീപ കാലത്ത് കേരളത്തിൽ പിടിയിലായ വ്യാജ തേയില കേസുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് തമിഴ്നാട് നീലഗിരിയിലെത്തിയത്. കൂനൂരിൽ കൂണ് പോലെ മുളച്ച് പൊന്തിയിരിക്കുകയാണ് വ്യാജ തേയില പൊടി നിർമാണശാലകൾ. ആവശ്യക്കാരാണെന്ന് പറഞ്ഞായിരുന്നു റിപ്പോർട്ടർ സംഘം വിതരണക്കാരെ സമീപിച്ചത്. പ്രദേശത്തെ പ്രധാന ഏജന്റിനെയും റിപ്പോർട്ടർ സംഘം കണ്ടെത്തി.വ്യാജ തേയിലപ്പൊടി നിർമ്മാണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഏജൻ്റ് വെളിപ്പെടുത്തിയത്. സാമ്പിളിനായി പോക്കറ്റിൽ നിന്നും മായം ചേർത്ത ചായപൊടിയുടെ പൊതി കാണിച്ചു കൊണ്ടായിരുന്നു വിവരണം.

മായം ചേർത്താലും ചായക്ക് രുചിവ്യത്യാസം അറിയില്ല. കടുപ്പം കിട്ടാൻ ഉൾപ്പടെ ചായപ്പെടിയിൽ ചേർക്കുന്നത് മാരക രാസവസ്തുക്കൾ ആണെന്നും റിപ്പോർട്ടർ അന്വേഷണത്തിൽ കണ്ടെത്തി. മലയാളികളാണ് ഇത്തരത്തിൽ മായം ചേർത്ത ചായപ്പൊടി കൂടുതലും വാങ്ങിപോകുന്നതെന്നും വിതരണക്കാരൻ വെളിപ്പെടുത്തുന്നു. ചായപ്പൊടിയുടെ അളവിന് അനുസരിച്ച് കളർ ചേർത്ത് നൽകുമെന്നും ഒരു തരത്തിലുമുള്ള പ്രശ്നവും ഉണ്ടാകില്ലെന്നും അയാൾ ആവർത്തിയ്ക്കുന്നുണ്ട്. വീട്ടിലേക്ക് ആരും വാങ്ങാറില്ലെന്നും കടകളിലേക്കാണ് ആവശ്യക്കാരേറേയെന്നും വിതരണക്കാരൻ വെളിപ്പെടുത്തി. കൂടുതൽ അളവിൽ വാങ്ങിയാൽ ഡിസ്‌കൗണ്ട് തരാമെന്നും വിതരണക്കാരൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

റിപ്പോർട്ടർ സംഘം ഒരുപാട് തവണ ആവശ്യപ്പെട്ടെങ്കിലും ഇവയുടെ നിർമ്മാണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാൻ പക്ഷെ വിതരണക്കാരൻ തയ്യാറായില്ല. അഡ്രസ്സ് തന്നാൽ ചായപ്പൊടി നാട്ടിലേക്ക് കൊറിയർ ചെയ്തു തരാമെന്നായിരുന്നു വിതരണക്കാരൻ പറഞ്ഞത്.

കൂനൂരിൽ നിന്നും ലഭിച്ച തേയിലപ്പൊടി മലപ്പുറത്തെ മൊബൈൽ ഫുഡ് ലാബിൽ റിപ്പോർട്ടർ സംഘം പരിശോധിച്ചു. സെക്കന്റുകൾക്ക് ഉള്ളിൽ തന്നെ കൂനുരിൽ നിന്ന് ലഭിച്ച ചായപ്പൊടി വ്യാജനാണെന്ന് സ്ഥിരീകരിക്കാനായി. മാരക രാസവസ്തുക്കൾ ചേർത്തതു കൊണ്ടാകാം തേയിലയപൊടിക്ക് ഇത്രയധികം നിറം ലഭിച്ചതെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചത്.

Content Highlights: Tea powder that is laced with deadly chemicals is produced in Coonoor

dot image
To advertise here,contact us
dot image