സിദ്ധാർഥൻ്റെ ബാ​ഗും കണ്ണടയും നെഞ്ചോട് ചേർത്ത് പിതാവ്; കൈമാറിയ വിദ്യാർഥികളുടെ പേര് പറയാതെ അധികൃതർ

സിദ്ധാർഥൻ ഉപയോ​ഗിച്ച 90 ശതമാനം വസ്തുക്കളും സർവ്വകലാശാല അധികൃത‍‍ർ തിരികെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ജയപ്രകാശ് വൈത്തിരി പൊലീസിൽ പരാതി നൽകി

dot image

കൽപ്പറ്റ : പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ റാ​ഗിം​​ഗിനെ തുടർന്ന് ജീവനൊടുക്കിയ സിദ്ധാർഥൻ ഉപയോ​ഗിച്ചിരുന്ന വസ്തുക്കൾ തങ്ങൾക്ക് തിരികെ നൽകുന്നില്ലെന്ന് ആരോപിച്ച് പിതാവ് ടി ആർ ജയപ്രകാശ് രം​ഗത്ത്. സിദ്ധാർഥൻ ഉപയോ​ഗിച്ച 90 ശതമാനം വസ്തുക്കളും സർവ്വകലാശാല അധികൃത‍‍ർ തിരികെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ജയപ്രകാശ് വൈത്തിരി പൊലീസിൽ പരാതി നൽകി. മകന്റെ എല്ലാ സാധനങ്ങളും തിരികെ നൽകാമെന്ന് അറിയിച്ചത് കൊണ്ടാണ് ജയപ്രകാശും കുടുംബവും കഴിഞ്ഞദിവസം കോളെജിലെത്തിയത്.

എന്നാൽ സിദ്ധാർത്ഥന്റേതെന്ന് വീട്ടുകാർക്ക് ഉറപ്പില്ലാത്ത പതിനാല് സാധനങ്ങൾ മാത്രമാണ് കോളേജ് അധികൃതർ കൈമാറിയത്. വാച്ചും പഴ്സും ചെരുപ്പും വ്സ്ത്രങ്ങളും ഉൾപ്പടെ 24 വസ്തുക്കൾ ഇനിയും ലഭിക്കാനുണ്ടെന്ന് വീട്ടുകാർ പറയുന്നു. സിദ്ധാർഥൻ ഉപയോ​ഗിച്ച സാധനങ്ങൾക്ക് വേണ്ടി രണ്ട്മാസം മുൻപ് വീട്ടുകാർ സർവ്വകലാശാലയെ സമീപിച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം വീട്ടുകാർക്ക് കൈമാറിയ കണ്ണടയും ബാ​ഗും ഉൾപ്പടെയുള്ള സാധനങ്ങൾ കൈയ്യിലില്ല എന്നായിരുന്നു രണ്ട്മാസം മുൻപ് പറഞ്ഞത്. എന്നാൽ ഇപ്പോൾ ഇത് എവിടെ നിന്ന് ലഭിച്ചെന്ന് വീട്ടുകാർ ചോദിക്കുന്നു.

സിദ്ധാ‍‍ർഥന്റെ വസ്തുക്കൾ കൈയ്യിലുള്ളവർ തിരികെ ഏൽപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾക്ക് സ‍ർവ്വകലാശാല അധികൃതർ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ ഭാ​ഗമായി ചില വിദ്യാർഥികൾ തിരിച്ചേൽപ്പിച്ച വസ്തുക്കളാണ് വീട്ടുകാ‍ർക്ക് കൈമാറിയത്. എന്നാൽ ഈ വിദ്യാർഥികളുടെ പേര് വെളിപ്പെടുത്താനാകില്ല എന്നാണ് ഡീൻ നൽകുന്ന മറുപടി. സിദ്ധാർഥൻ ഉപയോ​ഗിച്ച മറ്റ് സാധനങ്ങൾ മാ‍ർച്ച് മൂന്നിനുള്ളിൽ തിരികെ നൽകാമെന്നാണ് സ‍ർവ്വകലാശാല അധികൃതർ വ്യക്തമാക്കുന്നത്.

2024 ഫെബ്രുവരി 18-നാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം സ്വദേശിയായ ജെ എസ് സിദ്ധാർഥൻ ക്രൂരമായി റാഗിം​ഗിനിരയായി മരിച്ചത്. ഫെബ്രുവരി 14-ന് ക്യാംപസിൽ സംഘടിപ്പിച്ച വാലൻറൈൻസ് ഡേ പരിപാടിക്കിടെ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൻറെ പേരിലാണ് സിദ്ധാർഥനെ സഹപാഠികൾ ക്യാപസിലേക്ക് തിരിച്ചുവിളിച്ചത്. തുടർന്ന് നടത്തിയ സമാനതകളില്ലാത്ത ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനങ്ങൾക്കുമൊടുവിൽ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയനിലയില്‍ സിദ്ധാർഥന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൂങ്ങി മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

content highlights : Father holding Siddharth's bag and glasses to his chest; The authorities did not disclose the names of the students who handed over the goods

dot image
To advertise here,contact us
dot image