ചായയ്ക്ക് കടുപ്പമേറാന്‍ വ്യാജ തേയിലപ്പൊടി; റിപ്പോര്‍ട്ടര്‍ കണ്ടെത്തല്‍ ശരിവെച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

കൂനൂരില്‍ നിന്നും റിപ്പോര്‍ട്ടര്‍ സംഘത്തിന് ലഭിച്ച തേയില പൊടി ലാബില്‍ പരിശോധിച്ചപ്പോള്‍ മാരക രാസ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയിരുന്നു

dot image

മലപ്പുറം: കേരളത്തിലേക്ക് വന്‍തോതില്‍ മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്ത തേയിലപ്പൊടി എത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടര്‍ ടി വി അന്വേഷണത്തിലെ കണ്ടെത്തല്‍ ശരിവെച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. തമിഴ്‌നാട്ടിലെ കൂനൂരില്‍ നിന്നാണ് കേരളത്തിലേക്ക് വ്യാപകമായി വ്യാജ തേയില കൊണ്ടുവരുന്നതെന്ന് മലപ്പുറം തിരൂര്‍ ഭക്ഷ്യ സുരക്ഷ ഓഫീസര്‍ എം എന്‍ ഷംസിയ പറഞ്ഞു. തിരൂരില്‍ നിന്ന് നേരത്തെ പിടികൂടിയ വ്യാജ തേയില കൂനൂരില്‍ നിന്നും എത്തിച്ചതാണെന്നും തട്ടുകടകള്‍ കേന്ദ്രീകരിച്ചുള്ള ഇവയുടെ വിതരണം ഇപ്പോള്‍ പൂര്‍ണമായും അവസാനിപ്പിച്ചിട്ടുണ്ടെന്നും ഷംസിയ പറഞ്ഞു.

കൂനൂരില്‍ നിന്നും റിപ്പോര്‍ട്ടര്‍ സംഘത്തിന് ലഭിച്ച തേയില പൊടി ലാബില്‍ പരിശോധിച്ചപ്പോള്‍ മാരക രാസ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയിരുന്നു. വസ്ത്രങ്ങള്‍ക്ക് നിറം കൂട്ടാന്‍ ചേര്‍ക്കുന്ന Karmoxin, Sunset yellow, Tartrazin എന്നിവയാണ് തേയിലപ്പൊടിയില്‍ കണ്ടെത്തിയത്. എല്ലാ തട്ടുകടകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചിലരില്‍ അലര്‍ജിക്കും ഹൈപ്പര്‍ ആക്ടിവിറ്റിക്കും അർബുദത്തിനും കാരണമായേക്കാവുന്നതാണ് ചായയുടെ കടുപ്പം വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഈ രാസവസ്തുക്കള്‍.

രാസ വസ്തുക്കള്‍ ചേര്‍ത്ത തേയിലപ്പൊടി കേരളത്തില്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അഫ്സാന പര്‍വീണ്‍ അറിയിച്ചിരുന്നു. തമിഴ്നാട്ടിലെ കൂനൂര്‍ കേന്ദ്രീകരിച്ചാണ് വ്യാപകമായി വ്യാജ തേയിലപ്പൊടി വിതരണം നടക്കുന്നത്. കോയമ്പത്തൂര്‍, സേലം ഭാഗത്ത് നിന്നും വരുന്ന തേയിലപ്പൊടികളിലാണ് ഇത്തരത്തില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. ഇക്കാര്യം അന്വേഷണം നടത്താന്‍ തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പിനോടും ആവശ്യപ്പെടുമെന്ന് അഫ്സാന പര്‍വീണ്‍ പറഞ്ഞിരുന്നു.

Content Highlights: Fake tea powder arrives from Coonoor itself said food safety department

dot image
To advertise here,contact us
dot image