പ്രതിഷേധം സ്വാഭാവികം; ആറളം ഫാമിന്റെ സവിശേഷത മനസിലാക്കി ജനം ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ

dot image

കണ്ണൂര്‍: കണ്ണൂര്‍ ആറളത്ത് കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ മരിച്ച സംഭവം സങ്കടകരമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വേണ്ടപ്പെട്ടവര്‍ നഷ്ടപ്പെടുമ്പോള്‍ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. ആറളം ഫാമിന്റെ സവിശേഷത മനസിലാക്കി ജനം ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ആറളം ഫാമില്‍ അടിക്കാട് വെട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മതില്‍ നിര്‍മാണം നീണ്ടുപോയത് അടക്കമുള്ള കാര്യങ്ങള്‍ വന്യമൃഗ ശല്യത്തിന് കാരണമായിട്ടുണ്ട്. വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന കാര്യം പരിശോധിക്കും. ഇക്കാര്യങ്ങള്‍ പരിശോധിച്ച് ജില്ലാ കളക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഉടന്‍ യോഗം ചേരും. വയനാട്ടിലേതു പോലെ ഒരു ആക്ഷന്‍ പ്ലാന്‍ ആറളത്ത് നടപ്പാക്കും. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് വൈകിട്ടോടെയാണ് ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ദമ്പതികള്‍ കൊല്ലപ്പെട്ടത്. വെള്ളി, ഭാര്യ ലീല എന്നിവരായിരുന്നു മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മൃതദേഹം കയറ്റിയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. ഡിഎഫ്ഒ അടക്കമുള്ളവര്‍ എത്തിയാല്‍ മാത്രമേ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കൂ എന്നാണ് നാട്ടുകാര്‍ അറിയിച്ചിരിക്കുന്നത്.

Content Highlights- Minister A K Saseendran on Aralam elephant attack

dot image
To advertise here,contact us
dot image