കുംഭമേളയിലെ തിരക്കില്‍ ഭാര്യയെ കാണാതായെന്ന് ഭര്‍ത്താവ്; കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്

ഭാര്യയെ കൊലപ്പെടുത്താന്‍ മൂന്ന് മാസം മുന്‍പ് തന്നെ പദ്ധതിയിട്ടിരുന്നതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു

dot image

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഡല്‍ഹി ത്രിലോക്പുരി സ്വദേശികളായ അശോക് കുമാറും ഭാര്യ മീനാക്ഷിയും. പ്രയാഗ് രാജില്‍ എത്തിയ ഇരുവരും കുംഭമേളയില്‍ പങ്കെടുത്ത വീഡിയോകളും ചിത്രങ്ങളും മക്കള്‍ക്ക് അയച്ചു നല്‍കി. ഇതിനിടെ കുംഭമേളയുടെ തിരക്കില്‍പ്പെട്ട് മീനാക്ഷിയെ കാണാനില്ലെന്ന് അശോക് കുമാര്‍ മക്കളെ വിളിച്ചറിയിച്ചു. ഇതേസമയം തന്നെ പ്രയാഗ് രാജിലെ ജുന്‍സിയിലുള്ള ഹോം സ്‌റ്റേയില്‍ ഒരു സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കൊലപാതകമായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിനായിരുന്നു സംഭവം നടന്നത്. കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയ അശോക് കുമാറും ഭാര്യയും ജുന്‍സിയിലെ ആസാദ് നഗര്‍ കോളനിയിലുള്ള ഹോംസ്‌റ്റേയില്‍ മുറിയിടുത്തു. പിറ്റേന്ന് രാവിലെ ജീവനക്കാര്‍ കുളിമുറിയില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ മീനാക്ഷിയെ കണ്ടെത്തി. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്തായിരുന്നു കൊലപാതകം. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഹോംസ്‌റ്റേ മാനേജര്‍ വാങ്ങിയിരുന്നില്ല. അതിനാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാനായില്ല. മഹാകുംഭമേളയിലെ തീര്‍ത്ഥാടകര്‍ക്ക് ഗസ്റ്റ് ഹൗസായി അനുവദിച്ച സ്ഥലമായിരുന്നു ഇത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്ത്രീ പതിനെട്ടിന് ഭര്‍ത്താവിനൊപ്പം ഡല്‍ഹിയില്‍ നിന്ന് പ്രയാഗ് രാജിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തി. ഇവരുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും പ്രസിദ്ധീകരിച്ചു. ഇതിനിടെ മീനാക്ഷിയെ അന്വേഷിച്ച് സഹോദരന്‍ പ്രവേഷും മക്കളായ അശ്വിനും ആദര്‍ശും പ്രയാഗ് രാജിലെത്തി. പത്രപരസ്യം ശ്രദ്ധയില്‍പ്പെട്ട ഇവര്‍ പൊലീസിനെ ബന്ധപ്പെട്ടു. മീനാക്ഷിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പൊലീസ് അശോക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ മീനാക്ഷിയെ കൊന്നത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് തുടരാന്‍ ഭാര്യ തടസമാകുമെന്ന് കരുതിയാണ് കൊല നടത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്താന്‍ മൂന്ന് മാസം മുന്‍പ് തന്നെ പദ്ധതിയിട്ടിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

പതിനെട്ടിന് പുലര്‍ച്ചെ തങ്ങള്‍ പ്രയാഗ് രാജിലെത്തിയെന്നും അതേ ദിവസം ഗംഗാ നദിയില്‍ സ്‌നാനം നടത്തിയിരുന്നതായും അശോക് പൊലീസിനോട് പറഞ്ഞു. തങ്ങള്‍ സന്തോഷത്തിലാണെന്ന് മക്കളെ വിശ്വസിപ്പിക്കാന്‍ ചിത്രങ്ങളും വീഡിയോകളും അയച്ചു നല്‍കി. തുടര്‍ന്ന് രാത്രിയോടെ ജുന്‍സിയിലെ ഹോംസ്‌റ്റേയില്‍ മുറിയെടുത്തു. രാത്രിയായപ്പോള്‍ മീനാക്ഷിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടെന്നും ഇതിന് പിന്നാലെ അവള്‍ കുളിക്കാന്‍ പോയപ്പോള്‍ പിന്നാലെയെത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാള്‍ കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ശേഷം അവിടെ നിന്ന് കടന്നു. തുടര്‍ന്ന് മകളനെ വിളിച്ച് മീനാക്ഷിയെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും അശോക് കുമാര്‍ പറഞ്ഞു.

Content Highlights- Man planned to kill wife in Prayagraj

dot image
To advertise here,contact us
dot image