സമാപന ചടങ്ങ് നടക്കുമ്പോഴും താത്പര്യപത്രം ലഭിച്ചു; അന്തിമ പട്ടിക രണ്ടാഴ്ചയ്ക്കുള്ളിലെന്ന് മന്ത്രി പി രാജീവ്

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമം വന്‍ വിജയമായി മാറിയെന്നും മന്ത്രി പി രാജീവ് പറഞ്ഞു

dot image

കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിഞ്ഞുവെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ്. സമാപന ചടങ്ങ് നടക്കുമ്പോഴും താത്പര്യപത്രം ലഭിച്ചുകൊണ്ടിരുന്നു. അന്തിമ പട്ടികയില്‍ നിക്ഷേപകരുടെ എണ്ണവും തുകയും ഉയരും. രണ്ടാഴ്ചക്കുള്ളില്‍ സ്‌ക്രീന്‍ ചെയ്ത് അന്തിമ പട്ടിക തയ്യാറാക്കും. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമം വന്‍ വിജയമായി മാറിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

50 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപം വ്യവസായ ഡയറക്ടറേറ്റ് വഴി ഫോളോഅപ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ ഡയറക്ടറേറ്റില്‍ ഒരു പ്രത്യേക ടീമിനെ സജ്ജമാക്കും. കെഎസ്‌ഐഡിസിയില്‍ തുടര്‍ നടപടികള്‍ക്കായി പ്രത്യേക ടീമിനെ നിയോഗിക്കും. ഒരോ ടീമിന്റെയും നേതൃത്വത്തിനായി ഏഴ് ഓഫീസര്‍മാര്‍ ഉണ്ടാകും. ടീമില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സെക്രട്ടറിതല കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇവര്‍ നടപടികള്‍ വേഗത്തിലാക്കും. പ്രോജക്ടുകളുടെ നിര്‍മാണ പുരോഗതി ഡാഷ് ബോര്‍ഡ് വഴി പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കും. സ്വന്തം ഭൂമി വ്യവസായ പ്രോജക്ടുകള്‍ക്കായി വിട്ടു നല്‍കാന്‍ താത്പര്യമുള്ളവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കും. പ്രൈവറ്റ് ലാന്‍ഡുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഒരു പോര്‍ട്ടല്‍ രൂപീകരിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രതിമാസ അവലോകനമുണ്ടാകുമെന്നും മന്ത്രിയെ പങ്കെടുപ്പിച്ച് രണ്ട് മാസത്തില്‍ ഒരിക്കല്‍ അവലോകനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights- minister p rajeev reaction about invest kerala summit

dot image
To advertise here,contact us
dot image