
കോഴിക്കോട്: ശശി തരൂര്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നോ കമന്റ്‌സ് എന്നായിരുന്നു സതീശന്റെ മറുപടി. ആറളം കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ സതീശന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുന്നുവെന്നും മലയോര ജനതയെ വിധിക്ക് വിട്ടു കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഫെന്‍സിങ് ഉള്‍പ്പെടെ ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ സതീശന്‍ ഇതുവരെ ആറളത്ത് 19 പേര്‍ ആനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടെന്ന് സൂചിപ്പിച്ചു.
കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവത്തില്‍ കൂടുതല്‍ നധസഹായം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 'നല്‍കിയ അഞ്ച് ലക്ഷം തുച്ഛമായ തുകയാണ്. പരുക്കേറ്റവര്‍ക്ക് ചികിത്സാ സഹായം നല്‍കണം. മരിച്ചവരുടെ ആശ്രിതര്‍ക്ക് ദേവസ്വം ബോര്‍ഡ് ജോലി നല്‍കണം', അദ്ദേഹം പറഞ്ഞു.
ആറളം ഫാം ബ്ലോക്ക് 13ലാണ് വെള്ളിയെയും ഭാര്യ ലീലയെയും കാട്ടാന ചവിട്ടിക്കൊന്നത്. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമണം സംഭവിച്ചത്. ആര്‍ആര്‍ടി ഓഫീസില്‍ നിന്നും 600 മീറ്റര്‍ അപ്പുറത്താണ് അപകടം സംഭവിച്ചത്. എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. പരാതി പറയുമ്പോഴും ശാശ്വത പരിഹാരം കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Content Highlights: V D Satheesan says no comments on Shashi Tharoor incident