
കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭരണപരമായ ഉത്തരവാദിത്തം ജില്ലാ കലക്ടര്‍ക്കും ജില്ലാ പട്ടികവര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥനുമാണെന്ന് ആദിവാസി സംഘടനകള്‍. ബോധപൂര്‍വ്വമല്ലാത്ത നരഹത്യാവകുപ്പുകള്‍ ചാര്‍ത്തി ഇവര്‍ക്കെതിരെ കേസ്സെടുക്കാന്‍ ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷനെയും സംസ്ഥാന പട്ടികവര്‍ഗ്ഗ കമ്മീഷനെയും സമീപിക്കുമെന്ന് സംഘടനകള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ആറളം ഫാമില്‍ വനം വകുപ്പിനെ മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചതാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയതെന്നും സംഘടനകള്‍ കുറ്റപ്പെടുത്തി. ആറളം ഫാമില്‍ പുനരധിവാസം തുടങ്ങിയതിന് ശേഷമുള്ള 16ാമത്തെ കൊലയാളിയാണ് ഈ ആനയെന്നും സംഘടനകള്‍ പറയുന്നു. ആദിവാസി പുനരധിവാസത്തിനായി 42 കോടി രൂപ നല്‍കി ആറളം ഫാം വിലയ്ക്ക് വാങ്ങുമ്പോള്‍ 13 കിലോ മീറ്റര്‍ നീളത്തില്‍ വൈദ്യുതവേലി ഉണ്ടായിരുന്നു. എന്നാല്‍ ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ശേഷം വൈദ്യുതവേലി നീക്കം ചെയ്യുകയോ, നശിപ്പിക്കുകയോ ചെയ്തുവെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
'15 ആദിവാസികളുടെ ജീവന്‍ നഷ്ടപ്പെട്ടതിന് ശേഷം മാത്രമാണ് ഊരാളുങ്കല്‍ കമ്പനിക്ക് മതില്‍ നിര്‍മ്മിക്കാന്‍ 53 കോടി നല്‍കാന്‍ തീരുമാനിച്ചത്. അര കിലോമീറ്റര്‍ മതില്‍ നിര്‍മ്മാണത്തിന് ശേഷം പണി നിര്‍ത്തിവച്ചു. ഈ നില തുടര്‍ന്നാല്‍ 5 വര്‍ഷമെങ്കിലും എടുത്തേക്കാം. അപ്പോഴേക്കും നിരവധി ആദി വാസികളുടെ ജീവന്‍ നഷ്ടപ്പെടും', പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ആദിവാസികള്‍ നിവേദനങ്ങള്‍ നല്‍കിയിട്ടും, പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും അധികാരികള്‍ കണ്ണടച്ചു. ആദിവാസികള്‍ കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളെടുത്തില്ല. കോടികള്‍ ധൂര്‍ത്തടിക്കുന്ന ആറളം ഫാമിംഗ് കോര്‍പ്പറേഷന്‍ മേഖലയില്‍ വൈദ്യുതവേലികള്‍ സ്ഥാപിച്ചിട്ടും പുനരധിവാസ മേഖലയില്‍ ഒന്നും ചെയ്തില്ല. ആറളം ഫാമില്‍ കുടിയിരുത്തപ്പെട്ടവര്‍ക്ക് സംരക്ഷണം നല്‍കാത്തത് കൊണ്ടു മാത്രമാണ് ഇത്രയേറെ പേര്‍ കൊലചെയ്യപ്പട്ടതെന്നും പ്രസ്താവനയില്‍ പറയുന്നു. ആദിവാസികളുടെ ജീവന്‍ സംരക്ഷിക്കപ്പെടാനുള്ള പരിഹാര നടപടികളും ആദിവാസി സംഘടനകള്‍ നിര്‍ദേശിക്കുന്നു.
പ്രസ്താവനയുടെ പൂര്‍ണരൂപം
ആറളംഫാമില്‍ ആദിവാസികളെ കാട്ടാനകൊന്നതിന്റെ ഉത്തരവാദികള്‍ ജില്ലാകലക്ടറും പട്ടികവര്‍ഗ്ഗവകുപ്പും
ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണം
ആറളം ഫാമില്‍ വെള്ളി - ലീല ദമ്പതികളെ കാട്ടാന കൊന്നതിന്റെ ഭരണപരമായ ഉത്തരവാദിത്തം ആദിവാസി പുനരധിവാസ മിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ജില്ലാ കലക്ടറും, മിഷന്‍ ജില്ലാ കണ്‍വീനര്‍ എന്ന നിലയില്‍ ജില്ലാ പട്ടികവര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥനുമാണ്. ബോധപൂര്‍വ്വമല്ലാത്ത നരഹത്യാവകുപ്പുകള്‍ ചാര്‍ത്തി ഇവര്‍ക്കെതിരെ കേസ്സെടുക്കാന്‍ ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷനെയും, സംസ്ഥാന പട്ടികവര്‍ഗ്ഗ കമ്മീഷനെയും, ആദിവാസി സംഘടനകള്‍ സമീപിക്കും.
വന്യജീവി സംരക്ഷണം മാത്രം ചുമതലയുള്ള വനം വകുപ്പാണ് ആദിവാസികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതെന്ന പ്രചരണം അടിസ്ഥാനമില്ലാത്തതാണ്. ആറളം ഫാമില്‍ വനം വകുപ്പിനെ മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചതാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയത്. ആറളം ഫാമില്‍ പുനരധിവാസം തുടങ്ങിയതിന് ശേഷം 16ാമത്തെ കൊലയാളിയാണിത്. ആറളം ഫാമില്‍ കുടിയിരുത്തപ്പെട്ടവര്‍ക്ക് സംരക്ഷണം നല്‍കാത്തത് കൊണ്ടു മാത്രമാണ് ഇത്രയേറെ പേര്‍ കൊലചെയ്യപ്പട്ടത്.
ജീവനും സ്വത്തിനും സംരക്ഷണം കിട്ടുമെന്ന പ്രതീക്ഷയില്‍ വന്നവരാണ് ആദിവാസികള്‍. എന്നാല്‍ സംരക്ഷണം നല്‍കേണ്ട ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്തില്ല. ഒരു ദശകത്തോളമായി കൊലകളുടെ പരമ്പര ഉണ്ടായിട്ടും ആദിവാസി പുനരധിവാസമിഷന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളെടുത്തില്ല. ഏഷ്യയിലെ മാതൃക പുനരധിവാസമായിട്ടും ആദിവാസികള്‍ കൊല്ലപ്പെടുമ്പോള്‍ നിഷ്‌ക്രിയമായ സമീപനം തുടര്‍ന്നുവന്നു.
ആദിവാസി പുനരധിവാസത്തിനായി 42 കോടി രൂപ നല്‍കി ആറളം ഫാം വിലയ്ക്ക് വാങ്ങുമ്പോള്‍ 13 കിലോ മീറ്റര്‍ നീളത്തില്‍ വൈദ്യുതവേലി ഉണ്ടായിരു ന്നു. ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ശേഷം വൈദ്യുതവേലി നീക്കം ചെയ്യുകയോ, നശിപ്പിക്കുകയോ ചെയ്തു. ആദിവാസി പുനരധിവാസ മേഖലയോട് ചേര്‍ന്ന് വന്യജീവി സങ്കേതത്തെ 'ജുറാസിക്പാര്‍ക്ക് 'പോലെ തുറന്ന നിലയിലാക്കി. ആദിവാസികള്‍ നിവേദനങ്ങള്‍ നല്‍കിയിട്ടും, പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും അധികാരികള്‍ കണ്ണടച്ചു. ആദിവാസികള്‍ കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളെടുത്തില്ല.
കോടികള്‍ ധൂര്‍ത്തടിക്കുന്ന ആറളം ഫാമിംഗ് കോര്‍പ്പറേഷന്‍ മേഖലയില്‍ വൈദ്യുതവേലികള്‍ സ്ഥാപിച്ചിട്ടും പുനരധിവാസ മേഖലയില്‍ ഒന്നും ചെയ്തില്ല. 15 ആദിവാസികളുടെ ജീവന്‍ നഷ്ടപ്പെട്ടതിന് ശേഷം മാത്രമാണ് ഊരാളുങ്കല്‍ കമ്പനിക്ക് മതില്‍ നിര്‍മ്മിക്കാന്‍ 53 കോടി നല്‍കാന്‍ തീരുമാനിച്ചത്. അര കിലോമീറ്റര്‍ മതില്‍ നിര്‍മ്മാണത്തിന് ശേഷം പണി നിര്‍ത്തിവച്ചു. ഈ നില തുടര്‍ന്നാല്‍ 5 വര്‍ഷമെങ്കിലും എടുത്തേക്കാം. അപ്പോഴേക്കും നിരവധി ആദി വാസികളുടെ ജീവന്‍ നഷ്ടപ്പെടും. പതിവുപോലെ കരാറുകള്‍ പുതുക്കുന്നതിന്റെയും മരംമുറിക്കുന്നതിന്റെയും തര്‍ക്കങ്ങളുടെ പേരില്‍ മതിലിന്റെ പണി വര്‍ഷങ്ങളോളമെടുക്കും.
ആദിവാസികളുടെ ജീവന്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ താഴെപറയുന്ന പരിഹാര നടപടികള്‍ ഉടനടി ചെയ്യണം.
മതില്‍ ഇല്ലാത്ത ഭാഗങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ വൈദ്യുത വേലി സ്ഥാപിക്കണം. മതില്‍ നിര്‍മ്മാണം പുരോഗമിക്കുന്നമുറക്ക് വൈദ്യുതവേലി അഴിച്ചു മാറ്റി ആദിവാസികളുടെ പുരയിടങ്ങളില്‍ ക്ലസ്റ്ററുകളായി (നാലോ/അഞ്ചോ കുടുംബങ്ങളുടെ ഭൂമിയില്‍) വൈദ്യുത വേലി നല്‍കണം. കാട്ടാനയെ ആനമതില്‍ തടഞ്ഞാലും മാന്‍, പന്നി എന്നിവയില്‍ നിന്നും കാര്‍ഷികവിള സംരക്ഷിക്കാന്‍ വൈദ്യുതവേലി ആവശ്യമാണ്.
ആള്‍പാര്‍പ്പില്ലാത്ത പുരയിടങ്ങളില്‍ കാടുവെട്ടാന്‍ ഫണ്ട് വകയിരുത്തുകയും, പുനരധിവാസ മേഖലയിലുള്ളവര്‍ക്ക് കാടുവെട്ടല്‍ തൊഴില്‍ നല്‍കുകയും ചെയ്യു ക. ഫണ്ട് ടിആര്‍ഡിഎം വഴി വകയിരുത്തുക.
കാട്ടാനയെ തുരത്താന്‍ ആദിവാസികള്‍ക്ക് ദിവസക്കൂലി നല്‍കി വിപുലമായ സംഘത്തെ നിയോഗിക്കണം. വന്യജീവി നിരീക്ഷണത്തിന് അതിര്‍ത്തികളില്‍ ആദിവാസികളുടെ കാവല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. ആധുനിക നിരീക്ഷണ സംവിധാനം ഒരുക്കുക.
ആദിവാസി മേഖലയിലെ വനം വകുപ്പ് ഓഫീസുകള്‍ അടച്ചുപൂട്ടി പുനരധിവാസ മേഖലയില്‍ നിന്നും പുറത്താക്കണം. ആറളംഫാം വന്യജീവി സങ്കേതമാ ക്കുക മാത്രമാണ് വനം വകുപ്പ് ചെയ്തത്. മതില്‍ നിര്‍മ്മാണത്തിന് വേണ്ടി പുനരധിവാസ ഭൂമിയിലെ മരം മുറക്കുന്നതിന് വനം വകുപ്പുമായി ഉണ്ടാക്കിയ നിബന്ധനകള്‍ റദ്ദാക്കുക. വച്ചുപിടിപ്പിക്കുന്ന മരങ്ങളില്‍ വനം വകുപ്പിന്റെ നിയന്ത്രണം ഒഴിവാക്കുക.
ഒരു കോടി രൂപവീതം കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ആറളം ഫാമിലെ കാട്ടാന ആക്രമണം വംശീയാതിക്രമത്തിന്റെ ഭാഗമാണ്. നഷ്ടപരി ഹാരത്തിന്റെ ഒരു ഭാഗം കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണം. നഷ്ടം കണക്കാക്കാന്‍ ബാഹ്യ ഏജന്‍സിയെ ചുമതലപ്പെടുത്തണം.
മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ആദിവാസികള്‍ പ്രക്ഷോഭമാരംഭിക്കും. അതോടൊപ്പം, വംശീയമായ അവഗണനയോടെ ബോധപൂര്‍വ്വമായ നരഹത്യ നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദേശീയ ഗോത്രവര്‍ഗ്ഗക മ്മീഷനെയും, സംസ്ഥാന ഗോത്ര വര്‍ഗ്ഗ കമ്മീഷനെയും, കോടതിയേയും ആദി വാസി സംഘടനകള്‍ സമീപിക്കും.
ശ്രീരാമന്‍ കൊയ്യോന്‍
(ആദിവാസി - ദലിത് മുന്നേറ്റസമിതി)
കെ കെ ഷൈജു (ദലിത് കൂട്ടായ്മ)
എം ഗീതാനന്ദന്‍
(സ്റ്റേറ്റ് കോ- കോര്‍ഡിനേറ്റര്‍-ആദിവാസി ഗോത്രമഹാസഭ)
കെ എസ് രാമു (എജിഎംഎസ്)
കണ്ണൂര്‍
Content Highlights: Adivasi organisations statement in Aralam elephant attack