
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു. മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. 28ന് സംസ്ഥാനത്തെ നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും കൂടിക്കാഴ്ച നടത്തും. മുന്‍ കെപിസിസി അധ്യക്ഷന്മാരേയും എംപിമാരെയും വിളിപ്പിച്ചിട്ടുണ്ട്.
അതേസമയം ശശി തരൂരിന് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. തരൂരിനെ പരമാവധി അവഗണിക്കുന്ന സമീപനം സ്വീകരിക്കാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ ഉണ്ടായിരിക്കുന്ന ധാരണ. തരൂരിന്റെ നിലപാട് സമ്മര്‍ദ്ദ തന്ത്രമെന്നും ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.
ശശി തരൂരിന്റെ പരസ്യ നിലപാടില്‍ കടുത്ത അമര്‍ഷത്തിലാണ് ഒരുവിഭാഗം നേതാക്കള്‍. തരൂര്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതായാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചത് പൊറുക്കാന്‍ ആകില്ലെന്നാണ് ഇവരുടെ നിലപാട്.
കേരളത്തിലും തരൂര്‍ പാര്‍ട്ടിയെ വെട്ടിലാക്കിയെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. എതിരാളികള്‍ക്ക് തരൂര്‍ രാഷ്ട്രീയ ആയുധം നല്‍കിയെന്നും ഹൈക്കമാന്‍ഡ് കണക്കാക്കുന്നു. തരൂരിന്റെ അഭിപ്രായങ്ങളില്‍ ഹൈക്കമാന്‍ഡ് പരസ്യ പ്രതികരണം വിലക്കിയിട്ടുണ്ട്. തരൂരിന്റെ വിമര്‍ശനങ്ങളെ പൂര്‍ണ്ണമായും അവഗണിക്കാനും തരൂരിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
Content Highlights: Congress leaders call State leaders to Delhi