'അഫാൻ്റെ പിതാവിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്, ട്രാവൽബാനുള്ളതിനാൽ സൗദിയിൽ നിന്നും വരില്ല'; ഡി കെ മുരളി എംഎൽഎ

'അഫാന്റെ ഉമ്മ ഷെമി സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലല്ല'

dot image

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അഞ്ച് പേരെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാൻ അക്രമവാസനയുളള ആളായിരുന്നില്ലെന്ന് ഡി കെ മുരളി എംഎൽഎ. അഫാന് മദ്യപിക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഇയാൾ പലരിൽ നിന്നും പണം വാങ്ങിച്ചതായാണ് വിവരം. ഇടക്ക് പ്രതി, മാതാവ് ഷെമിയുമായി വഴക്ക് കൂടാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞതായും എം എൽ എ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

ഗൾഫിൽ ജോലി ചെയ്യുന്ന അഫാന്റെ പിതാവ് റഹീമിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും എം എൽ എ പറഞ്ഞു. ബിസിനസ് എല്ലാം പൊളിഞ്ഞു, കേസ് ഉളളതിനാൽ ട്രാവൽ ബാൻ ഉണ്ടെന്ന് റഹീം അറിയിച്ചു. റഹീമിന് നാട്ടിലേക്ക് എത്താൻ കഴിയില്ല. റഹീമിനെ തിരികെ കൊണ്ടുവരാൻ മലയാളി അസോസിയേഷൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അറിയിച്ചിട്ടുണ്ടെന്നും ഡി കെ മുരളി പറഞ്ഞു.

അഫാന്റെ ഉമ്മ ഷെമി സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലല്ല. അവർ മൊഴി നൽകാൻ പറ്റുന്ന സാഹചര്യത്തിലല്ലെന്നും ​ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും ഡി കെ മുരളി പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണോ എന്നത് പൊലീസ് പരിശോധിച്ച് വരുകയാണ്. സമയമെടുത്താണ് ഓരോ കൊലപാതകവും പ്രതി നടത്തിയത്. ഇതൊന്നും പ്രതിയുടെ മനസിന് മാറ്റമുണ്ടാക്കിയിട്ടില്ല. അഫാൻ ആരും അറിയാത ലഹരി ഉപയോ​ഗിച്ചോ എന്ന് പരിശോധിക്കേണ്ടതാണെന്നും ഡി കെ മുരളി കൂട്ടിച്ചേർത്തു.

സ്കൂളിൽ നിന്ന് തിരിച്ച് എത്തിയപ്പോഴാണ് അനിയൻ അഫ്സാനെ അഫാൻ കൊലപ്പെടുത്തിയത്. ഫർസാനയുടെ വീട്ടുകാരുടെ അവസ്ഥ വലിയ കഷ്ടമാണ്. അഫാന്റേയും ഫർസാനയുടേയും പ്രണയത്തെകുറിച്ച് നാട്ടുകാർക്ക് ഒന്നും അറിയില്ല. ഒരു പ്രൊഫഷണൽ കില്ലർ ചെയ്യുന്നതുപോലെയാണ് അഫാൻ കൊല നടത്തിയത്. ഇങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് 23കാരൻ മാറുക എന്നത് പഠന വിഷയമാക്കേണ്ടതാണെന്നും ഡി കെ മുരളി എംഎൽഎ പറഞ്ഞു.

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതി അഫാനെ ക്രൂരമായ കൊലപാതകത്തിലേയ്ക്ക് നയിച്ചത് വ്യക്തിപരമായ സാമ്പത്തിക പ്രശ്നമാണെന്നാണ് നി​ഗമനം. ഫർസാനയുമായി ജീവിക്കാൻ പണമില്ലാത്തത് പ്രധാന കാരണമെന്നും പ്രാഥമിക വിലയിരുത്തലുണ്ട്.

തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷോൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമിൽ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശിയുടെ വീട്ടിലേക്ക് പോയി. അഫാൻ നേരത്തെ മുത്തശിയുടെ സ്വർണ മോതിരം പണയം വെച്ചിരുന്നു. കൂടുതൽ സ്വർണം പണയം വെയ്ക്കാൻ നൽകാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന. കൂടുതൽ സ്വർണം നൽകാതെ വന്നതോടെ മുത്തശിയെ തലക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മുത്തശിയുടെ മാല കവർന്ന് വെഞ്ഞാറമൂട്ടിൽ പണയം വച്ചു.

ഈ സമയം ചുള്ളാളത്തെ പിതാവിന്റെ സഹോദരൻ, അഫാനെ ഫോണിൽ വിളിച്ചിരുന്നു. തുടർന്നാണ് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊല്ലുന്നത്. ഇവരും സാമ്പത്തികമായി അഫാനെ സഹായിച്ചിരുന്നില്ല. ചുള്ളാളത്തെ കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് തിരിക്കുന്ന സമയത്ത് പെൺസുഹൃത്ത് ഫർസാനയോട് വീട്ടിൽ വന്ന് തന്റെ മുറിയിൽ ഇരിക്കാൻ അറിയിച്ചിരുന്നു. പിന്നാലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയാണ് അഫാൻ പെൺസുഹൃത്തിനെ കൊലപ്പെടുത്തുന്നത്.

പിന്നീട് സഹോദരൻ സ്കൂളിൽ നിന്ന് വരും വരെ അഫാൻ കാത്തുനിന്നു. അതിന് ശേഷം സഹോദരനെ മന്തി വാങ്ങാൻ വിടുന്നു. ഇതിന് ശേഷമാണ് സഹോദരനെ കൊലപ്പെടുത്തുന്നത്. മന്തിയും ചിതറിയ 500 രൂപ നോട്ടുകളും അഫാൻ്റെ വീട്ടിൽ കിടപ്പുണ്ട്. സിറ്റൗട്ടില്‍ വസ്ത്രങ്ങളും ചിതറി കിടപ്പുണ്ട്. കൊലപാതക ശേഷം കുളിച്ചുവെന്നും പ്രതിമൊഴി നൽകിയിട്ടുണ്ട്. പിന്നാലെയാണ് എലിവിഷം കഴിച്ചതിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുന്നത്.

Content Highlights: Venjaramood Murder Accused Afan Borrowed Money from Others Says by MLA DK Murali

dot image
To advertise here,contact us
dot image