
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ പ്രതികരണവുമായി അയൽവാസി നസറുദ്ദീൻ. പ്രതിയായ അഫാനെയും കുടുംബത്തെയും പത്ത് വർഷമായി തനിക്ക് അറിയാമെന്നും ആരോടും വലുതായി സംസാരിക്കാത്ത പ്രകൃതമായിരുന്നു അഫാൻ്റേതെന്നും അയൽവാസി. കഴിഞ്ഞ പത്ത് വർഷമായി അഫാനെ അറിയാം. വീട്ടിൽ എല്ലാവരും നന്നായി സംസാരിക്കുമായിരിക്കുമായിരുന്നു. എന്നാൽ അഫാന്‍ ആരോടും വലുതായി സംസാരിക്കാത്ത പ്രകൃതമായിരുന്നു. അനിയനുമായി അഫാന് നല്ല സ്നേഹബന്ധമായിരുന്നു. സ്കൂളിൽ നിന്ന് അനിയനെ കൊണ്ട് വരുന്നതും പോകുന്നതുമെല്ലാം അഫാനായിരുന്നു. വൈകുന്നേരങ്ങളിൽ അനുജനുമായി ഫുട്ബോള് കളിക്കുന്നത് കാണാമായിരുന്നുവെന്നും നസറുദ്ദീൻ പറഞ്ഞു.
കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് കൊറോണയ്ക്ക് ശേഷം കുടുംബത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് അയൽവാസി പറഞ്ഞു. വീടുകൾ തമ്മിൽ വലിയ ദൂരമില്ലെങ്കിലും കൊലപാതക വിവരമോ ശബ്ദങ്ങളോ ഒന്നും തന്നെ അയൽവാസികൾ അറിഞ്ഞിരുന്നില്ലായെന്ന് നസറുദ്ദീൻ വെളിപ്പെടുത്തി.
'പൊലീസ് ഗേറ്റ് പൊളിക്കുന്ന സമയത്താണ് സംഭവം ശ്രദ്ധിക്കുന്നത്. വീടിനുള്ളിൽ കയറിയപ്പോൾ അഫാൻ്റെ അനുജൻ അഹ്സാൻ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. വൈകിട്ട് ഇളയ കുട്ടിയെ കണ്ടപ്പോൾ വിഷ് ചെയ്തിരുന്നു. വീട്ടിലെത്തിയപ്പോൾ ഗേറ്റ് പൂട്ടിയത് കണ്ട് ഇളയ കുട്ടി അയൽവാസിയുടെ വീട്ടിലെത്തി ഫോണിൽ ഉമ്മയെ വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തത് അഫാനായിരുന്നു. അനുജനോട് അവിടെ തന്നെ നിൽക്കാനും താനിപ്പോൾ വരാമെന്നും പറഞ്ഞാണ് അഫാൻ ഫോൺ കട്ട് ചെയ്തത്. വന്ന ശേഷം കുട്ടിയെ കൊണ്ട് അഫാൻ വീട്ടിലേക്ക് പോയി. പിന്നീട് പൊലീസെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.', അയൽവാസി നസറുദ്ദീന് ഡിബേറ്റ് വിത്ത് സ്മൃതി പരുത്തികാടിൽ പറഞ്ഞു. അതേ സമയം, അഫാൻ്റെ പെൺ സുഹൃത്ത് ഫർസാന വീട്ടിലുണ്ടെന്ന് ഇന്നലെ വരെയും തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിചേർത്തു.
കഴിഞ്ഞദിവസമാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷാൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമിൽ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശിയുടെ വീട്ടിലേക്ക് പോയി. അഫാൻ നേരത്തെ മുത്തശിയുടെ സ്വർണ മോതിരം പണയം വെച്ചിരുന്നു. കൂടുതൽ സ്വർണം പണയം വെയ്ക്കാൻ നൽകാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന.
ചോദിച്ച സ്വർണം നൽകാതെ വന്നതോടെ മുത്തശിയെ തലക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മുത്തശിയുടെ മാല കവർന്ന് വെഞ്ഞാറമൂട്ടിൽ പണയം വച്ചു. ഈ സമയം ചുള്ളാളത്തെ പിതാവിന്റെ സഹോദരൻ, അഫാനെ ഫോണിൽ വിളിച്ചിരുന്നു. തുടർന്നാണ് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊല്ലുന്നത്. ഇവരും സാമ്പത്തികമായി അഫാനെ സഹായിച്ചിരുന്നില്ല. ചുള്ളാളത്തെ കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് തിരിക്കുന്ന സമയത്ത് പെൺസുഹൃത്ത് ഫർസാനയോട് വീട്ടിൽ വന്ന് തന്റെ മുറിയിൽ ഇരിക്കാൻ അറിയിച്ചിരുന്നു. പിന്നാലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയാണ് അഫാൻ പെൺസുഹൃത്തിനെ കൊലപ്പെടുത്തുന്നത്.
പിന്നീട് സഹോദരൻ സ്കൂളിൽ നിന്ന് വരും വരെ അഫാൻ കാത്തുനിന്നു. അതിന് ശേഷം സഹോദരനെ മന്തി വാങ്ങാൻ വിടുന്നു. ഇതിന് ശേഷമാണ് സഹോദരനെ കൊലപ്പെടുത്തുന്നത്. മന്തിയും ചിതറിയ 500 രൂപ നോട്ടുകളും അഫാൻ്റെ വീട്ടിൽ കിടപ്പുണ്ട്. സിറ്റൗട്ടിൽ വസ്ത്രങ്ങളും ചിതറി കിടപ്പുണ്ട്. കൊലപാതക ശേഷം കുളിച്ചുവെന്നും പ്രതിമൊഴി നൽകിയിട്ടുണ്ട്. പിന്നാലെയാണ് എലിവിഷം കഴിച്ചതിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുന്നത്.
Content Highlights- Neighbor Nasruddin reacts to the Venjaramood massacre.