അവന് എപ്പോഴും ചിരിച്ച മുഖമായിരുന്നു, പ്രശ്നമുള്ളതായി തോന്നിയില്ല; അഫ്സാൻ്റെ മരണത്തിൽ നടുക്കം മാറാതെ അധ്യാപിക

'സ്കൂളിലെ ഒരു അധ്യാപകൻ ഫോട്ടോ അയച്ച് ക്ലാസിലെ കുട്ടിയാണോ എന്ന് ചോദിച്ചപ്പോഴാണ് അഫ്സാൻ കൊല്ലപ്പെട്ട വിവരം അറിഞ്ഞത്'

dot image

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിൻ്റെ ഞെട്ടലിൽ നിന്നും നാട് ഇനിയും മുക്തരായിട്ടില്ല. പതിവുപോലെ സ്കൂളിലെത്തി കളിചിരികളോടെ മടങ്ങിയ വിദ്യാർത്ഥി അതിക്രൂരമായി കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് പ്രതി അഫാന്റെ അനുജൻ അഫ്സാൻ പഠിച്ചിരുന്ന വെഞ്ഞാറമൂട് മോഡൽ ഹയർസെക്കൻ്ററി സ്കൂളിലെ അധ്യാപകർ. അഫ്സാന് വീട്ടിൽ പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നും അത്തരം വിഷയങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും അഫ്സാന്റെ അധ്യാപിക റിപ്പോർട്ടറിനോട് പറഞ്ഞു. സംഭവ ദിവസം കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും തോന്നിയിട്ടില്ലെന്നും അധ്യാപിക പറഞ്ഞു.

'അങ്ങനെ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി തോന്നിയിട്ടില്ല. വീട്ടിലെ കാര്യമൊന്നും പറഞ്ഞിട്ടില്ല. പൊതുവേ ആൾ സൈലൻ്റ് ആണ്. എപ്പോഴും ഒരു ചിരിച്ച മുഖമാണ്. വലിയ ബഹളത്തിനൊന്നും പോകാറില്ല. ഇന്നലെ പരീക്ഷയെഴുതാനുണ്ടായിരുന്നു. പിന്നെ അലർജി പ്രശ്നങ്ങൾ കാരണം ഇടയ്ക്ക് വരാതിരുന്നിട്ടുണ്ട്. അത് അമ്മ മെസേജ് അയക്കും. അല്ലാതെ ക്ലാസിൽ വരാതെ ഇരുന്നിട്ടില്ല. വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നാണ് ഇപ്പോഴും കരുതുന്നത്. അസ്വാഭാവികതയൊന്നും തോന്നിയില്ല. സ്കൂളിൽ വന്ന് ആരും വിളിച്ചുകൊണ്ട് പോയിട്ടില്ല. സ്കൂളിലെ ഒരു അധ്യാപകൻ ഫോട്ടോ അയച്ച് ക്ലാസിലെ കുട്ടിയാണോ എന്ന് ചോദിച്ചപ്പോഴാണ് അഫ്സാൻ കൊല്ലപ്പെട്ട വിവരം അറിഞ്ഞത്. പിന്നെ വാർത്തയിലൂടെയാണ് മറ്റ് വിവരങ്ങൾ അറിഞ്ഞത്', അധ്യാപിക റിപ്പോർട്ടറിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷാൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമിൽ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശിയുടെ വീട്ടിലേക്ക് പോയി. സ്വർണം പണയം വെയ്ക്കാൻ നൽകാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന. ഈ സമയം ചുള്ളാളത്തെ പിതാവിന്റെ സഹോദരൻ, അഫാനെ ഫോണിൽ വിളിച്ചിരുന്നു. തുടർന്നാണ് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊല്ലുന്നത്. ഇവരും സാമ്പത്തികമായി അഫാനെ സഹായിച്ചിരുന്നില്ല. ചുള്ളാളത്തെ കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് തിരിക്കുന്ന സമയത്ത് പെൺസുഹൃത്ത് ഫർസാനയോട് വീട്ടിൽ വന്ന് തന്റെ മുറിയിൽ ഇരിക്കാൻ അറിയിച്ചിരുന്നു. പിന്നാലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയാണ് അഫാൻ പെൺസുഹൃത്തിനെ കൊലപ്പെടുത്തുന്നത്.

അഫ്സാൻ സ്കൂളിൽ നിന്ന് വരും വരെ അഫാൻ കാത്തുനിന്നു. അതിന് ശേഷം അഫ്സാനെ മന്തി വാങ്ങാൻ വിടുകയായിരുന്നു. അഫ്സാൻ ഓട്ടോയിൽ മന്തി വാങ്ങാൻ പോകുന്നതിൻ്റെ ദൃശ്യങ്ങൾ റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. തിരിച്ച് വീട്ടിലെത്തിയ ശേഷമാണ് സഹോദരനെ കൊലപ്പെടുത്തുന്നത്. പിന്നാലെ എലിവിഷം കഴിച്ചതിന് ശേഷമണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം വെളിപ്പെടുത്തുന്നത്.

അഫ്സാനെ 22 തവണയാണ് പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അഫ്സാന്റെ ചെവിക്ക് പിറകിലായി ഏറ്റ അടിയാണ് മരണത്തിന് കാരണമായിട്ടുണ്ടാവുകയെന്നാണ് സൂചന. അഫ്സാനേയും പെൺസുഹൃത്ത് ഫർസാനയേയുമണ് അഫാൻ ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയത്. ബന്ധുവായ ലത്തീഫിന്റെ തലയിൽ 27 തവണയാണ് പ്രതി അഫാൻ ചുറ്റികകൊണ്ട് അടിച്ചതെന്നാണ് റിപ്പോർട്ട്. ലത്തീഫിന്റെ ഭാര്യ ഷാഹിദയുടെ തലയിൽ 24 തവണയാണ് പ്രതി അടിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Content Highlight: Venjaramoodu mass murder: Teacher says Afsan never shared issues at home, had a smiling face

dot image
To advertise here,contact us
dot image