വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതിയെ ഇന്ന് തന്നെ ചോദ്യം ചെയ്തേക്കും; ഡോക്ടറുടെ അനുമതി തേടി പൊലീസ്

ആശുപത്രിയിൽ നിന്നും വിടുതൽ ലഭിച്ചില്ലെങ്കിലും അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് നീക്കം

dot image

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇതിനായി പൊലീസ് ഡോക്ടറുടെ അനുമതി തേടി. ഡോക്ടറുടെ നിർദ്ദേശപ്രകാരമായിരിക്കും പ്രതിയെ ചോദ്യം ചെയ്യുക. ഡോക്ടർ അനുമതി നൽകിയാൽ പ്രതിയെ പൊലീസ് ഇന്ന് തന്നെ ചോദ്യം ചെയ്യും. ഡോക്ടർമാരുടെ അനുമതിയോടെ ആശുപത്രിയിൽ ചോദ്യം ചെയ്യാനാണ് ആലോചന.

അഫാൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്. ആരോഗ്യ സ്ഥിതി അനുസരിച്ചായിരിക്കും അറസ്റ്റ് നടപടികൾ. ആശുപത്രിയിൽ നിന്നും വിടുതൽ ലഭിച്ചില്ലെങ്കിലും അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.അഫാൻ മയക്കുമരുന്ന് അടിമയാണോ എന്നും പരിശോധന നടത്തും. രക്ത പരിശോധനയ്ക്ക് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. മയക്കുമരുന്ന് ലഭിക്കാത്തതാണോ കൊലപാതകത്തിന് കാരണമെന്നും പരിശോധിക്കും.

കൂട്ടക്കൊലപാതകം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.സ്വന്തം സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണം കണ്ടെത്താൻ പ്രതി ശ്രമിച്ചിരുന്നുവെന്നും വിലയിരുത്തലുണ്ട്. അഫാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും തൻ്റെ അവസ്ഥക്ക് കാരണമായവരെയും ഇഷ്ടമുള്ളവരെയും കൊല്ലുകയായിരുന്നുവെന്നും നി​ഗമനമുണ്ട്.

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതി അഫാനെ ക്രൂരമായ കൊലപാതകത്തിലേയ്ക്ക് നയിച്ചത് വ്യക്തിപരമായ സാമ്പത്തിക പ്രശ്നമാണെന്നാണ് നി​ഗമനം. ഫർസാനയുമായി ജീവിക്കാൻ പണമില്ലാത്തത് പ്രധാന കാരണമെന്നും പ്രാഥമിക വിലയിരുത്തലുണ്ട്. കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ വീട്ടിൽ നിന്നും അഫാന് പണം ലഭിച്ചിരുന്നില്ല. ഇതെല്ലാം കൊലപാതകത്തിന് കാരണമായിട്ടുണ്ടാകാം എന്ന നി​ഗമനത്തിലാണ് പൊലീസ്.

കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ഈ കുറ്റകൃത്യങ്ങളെല്ലാം ചെയ്തിരിക്കുന്നതെന്നാണ് വിവരം. രാവിലെ 10 നും വൈകിട്ട് 6നും ഇടയിലാണ് അഞ്ചുപേരെയും അഫാൻ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പേരുമല, ചുള്ളാളം, പാങ്ങോട് എന്നീ മൂന്ന് സ്ഥലങ്ങളിലായാണ് കൊലപാതകം നടന്നത്. കൂട്ടക്കൊലപാതകം നടത്തുന്നതിനായി ഏതാണ്ട് മുപ്പത് കിലോമീറ്ററിലേറെ പ്രതി സഞ്ചരിച്ചിട്ടുണ്ട്. അഫാൻ്റെ പിതാവിന്‍റെ മാതാവ് സൽമാ ബീവി, പ്രതിയുടെ അനുജൻ അഹ്സാൻ, പെൺസുഹൃത്ത് ഫര്‍സാന, പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരാണ്  കൊല്ലപ്പെട്ടത്. പ്രതിയുടെ ഉമ്മ ഷെമി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഫർസാനയുടെ ഒഴികെ നാലു പേരുടെയും കബറടക്കം താഴെ പാങ്ങോട് മുസ്ലീം ജുമാ മസ്ജിദ് പള്ളിയിൽ നടക്കും. ഏറെ ദുരൂഹതകൾ നിറഞ്ഞ കേസിൽ പ്രതി അഫാൻ്റെ മൊഴി തന്നെയായിരുക്കും ഇനി നിർണായകമാവുക. അതേസമയം, ചികിത്സയിലുള്ള ഷെമിയ്ക്ക് മൊഴി നൽകാനായാൽ അതാകും ഈ കേസിൽ ഏറെ വഴിത്തിരിവായി മാറുക.

Content Highlights: Venjaramoodu Murder The accused may be questioned today

dot image
To advertise here,contact us
dot image