ബന്ധുക്കളെ കൊന്നുതള്ളിയ ബാലകൃഷ്ണൻ; നാടിനെ നടുക്കിയ 84ലെ വാകേരി കൂട്ടക്കൊല; വെഞ്ഞാറമ്മൂട് കൊലയുമായി സാമ്യതകളേറെ

1990 മാര്‍ച്ച് പതിനാറിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് പ്രതിയെ തൂക്കിക്കൊന്നു

dot image

വെഞ്ഞാറമ്മൂട് ഒരു കുടുംബത്തിലെ നാല് പേരെ ഉള്‍പ്പെടെ അഞ്ച് പേരെ 23 കാരന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. രാവിലെ പത്ത് മണിക്കും ആറ് മണിക്കുമിടെയായിരുന്നു അഫാന്‍ എന്ന 23 കാരന്‍ പിതൃമാതാവ്, പിതൃസഹോദരന്‍, ഭാര്യ, സഹോദരന്‍, പെണ്‍സുഹൃത്ത് എന്നിവരെ അരുംകൊല ചെയ്തത്. അമ്മ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വെഞ്ഞാറമ്മൂട് കൊല വലിയ രീതിയില്‍ ചര്‍ച്ചയാകുമ്പോള്‍ 41 വര്‍ഷം മുന്‍പ് നടന്ന സമാന രീതിയിലുള്ള മറ്റൊരു കൂട്ടക്കൊലയും ഓർത്തെടുക്കുകയാണ് വയനാട്ടുകാർ. വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് വാകേരിയില്‍ ബാലകൃഷ്ണന്‍ എന്ന 25കാരന്‍ അഞ്ച് മണിക്കൂറിനിടെ കൊലപ്പെടുത്തിയത് നാല് പേരെയായിരുന്നു, അതും ബന്ധുക്കളെ.

1984 ജനുവരി 27നായിരുന്നു വാകേരിയില്‍ കൂട്ടക്കൊല നടന്നത്. വാകേരി സ്വദേശികളായ നാരായണന്‍ ചെട്ടി, ഭാര്യ ദേവകി, മകന്‍ ശ്രീധരന്‍, മകള്‍ ജയശ്രീ എന്നിവരായിരുന്നു അതിദാരുണമായി കൊല്ലപ്പെട്ടത്. ദേവകിയുടെ സഹോദരി അമ്മാളുവിന്റെ മകനായിരുന്നു ബാലകൃഷ്ണന്‍. കൊല്ലപ്പെടുമ്പോള്‍ ശ്രീധരന്റെ പ്രായം 20 ഉം ജയശ്രീയുടെ പ്രായം പതിനേഴുമായിരുന്നു. നാരായണ ചെട്ടിയുമായുള്ള സാമ്പത്തിക പ്രശ്‌നങ്ങളും മറ്റൊരു മകള്‍ വാസന്തിയെ വിവാഹം കഴിച്ചു നല്‍കാത്തതിന്റെ വൈരാഗ്യവുമാണ് അരുംകൊലയില്‍ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവം നടക്കുമ്പോള്‍ ബാലകൃഷ്ണന്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്നു.

സംഭവ ദിവസം രാത്രി ബാലകൃഷ്ണന്‍, നാരായണന്‍ ചെട്ടിയുടെ വീട്ടിലെത്തി. ബന്ധുവിന് അസുഖം കൂടുതലാണെന്നും ആശുപത്രിയിലേക്ക് പോകണമെന്നും പറഞ്ഞ് നാരായണന്‍ ചെട്ടിയെ ബാലകൃഷ്ണന്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി. തുടര്‍ന്ന് നാരായണ്‍ ചെട്ടിയുമായി അര കിലോമീറ്റര്‍ അകലെയുള്ള വയലിലേയ്ക്ക് എത്തി. ഇവിടെ വെച്ച് നാരായണ്‍ ചെട്ടിയെ ബാലകൃഷ്ണന്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഇതിന് ശേഷം ബാലകൃഷ്ണന്‍ വീണ്ടും നാരായണന്‍ ചെട്ടിയുടെ വീട്ടിലെത്തി മുന്‍പ് പറഞ്ഞ അതേ നുണ ആവര്‍ത്തിച്ച് ഭാര്യ ദേവകിയേയും വിളിച്ചിറക്കിക്കൊണ്ടുപോയി കൊന്നു. ശ്രീധരനും ജയശ്രീയുമായിരുന്നു അടുത്ത ഇരകള്‍. ഇരുവരേയും വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയ ബാലകൃഷ്ണന്‍ സമാന രീതിയില്‍ വെട്ടിക്കൊലപ്പെടുത്തി. മാതാപിതാക്കളേയും സഹോദരങ്ങേയും കാണാതായതോടെ നാരായണന്‍ ചെട്ടിയുടെ മകള്‍ വാസന്തിക്ക് സംശയമായി. വാസന്തി സഹോദരി ആറ് വയസുകാരി ബിന്ദുവിനേയും കൂട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിരക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി.

കേണിച്ചിറ എസ്‌ഐ സി ഒ രാഘവന്‍ നമ്പ്യാരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. വൈകാതെ തന്നെ ബാലകൃഷ്ണനെ പൊലീസ് പിടികൂടി. നാല് വര്‍ഷത്തെ വിചാരണയ്‌ക്കൊടുവില്‍ കല്‍പറ്റ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ പോയെങ്കിലും മേല്‍ക്കോടതി ശിക്ഷ ശരിവെച്ചു. 1990 മാര്‍ച്ച് പതിനാറിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍വെച്ച് പ്രതിയെ തൂക്കിക്കൊന്നു.

Content Highlights- 41 years back vakery murder case has lots of equity to venjarammoodu murder case

dot image
To advertise here,contact us
dot image