സമരം ചെയ്യുന്നത് ഈര്‍ക്കിലി സംഘടന; ആശാ വര്‍ക്കര്‍ സമരത്തെ അധിക്ഷേപിച്ച് വീണ്ടും എളമരം കരീം

ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്നും എളമരം കരീം

dot image

തിരുവനന്തപുരം: ആശ വര്‍ക്കര്‍ സമരത്തെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ഈര്‍ക്കിലി സംഘടനയാണ് സമരം ചെയ്യുന്നതെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും എളമരം കരീം പറഞ്ഞു. പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതാണ്. ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. സമരക്കാരെ അവഹേളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്നും എളമരം കരീം പറഞ്ഞു.

നിരവധി സമരങ്ങള്‍ പാര്‍ലമെന്റിന് മുന്നിലും കേന്ദ്ര ഓഫീസിന് മുന്നിലും സംഘടിപ്പിച്ചപ്പോഴും ചര്‍ച്ച നടത്തിയപ്പോഴും 'ഞങ്ങള്‍ ആശ വര്‍ക്കര്‍മാരെ തൊഴിലാളികളായി റിക്രൂട്ട് ചെയ്തതല്ല, വളണ്ടിയർമാരാണ്. അതിന് ഇന്‍സെന്റീവ് മാത്രമെ നല്‍കാനാകൂ' എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നത് ചെയ്തിട്ടുണ്ട്. ഓണറേറിയം നല്‍കുന്നത് സംസ്ഥാന സര്‍ക്കാരും കൂടി ചേര്‍ന്നാണ്.


ആരോഗ്യമേഖലയെ സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് ട്രേഡ് യൂണിയനുകള്‍ പോകാറില്ല. എന്നാല്‍ ഇപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ല. അവരെന്തോ ചെയ്യുന്നു. കണക്കെടുപ്പും സര്‍വ്വേയുമെല്ലാം മുടങ്ങുകയാണ്. ഇത്തരം ജോലികള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തുന്നത് ശരിയായ രീതിയല്ല. സമരം പൊളിക്കാനല്ല ജോലിക്ക് കയറണം എന്നു പറയുന്നത്. മറിച്ച് ആരോഗ്യമേഖലയിലെ കരുതല്‍ കൊണ്ടാണ് എന്നും എളമരം കരീം പറഞ്ഞു.

ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ കഴിഞ്ഞ ദിവസവും എളമരം കരീം രംഗത്തെത്തിയിരുന്നു. ഏതാനും ആശ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന സമരമാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്നതെന്നായിരുന്നു എളമരം കരീം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്.


സംസ്ഥാന സര്‍ക്കാരിനേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനേയും സിഐടിയുവിനെയും അധിക്ഷേപിക്കുന്നവരുടെ ലക്ഷ്യം ആശ വര്‍ക്കര്‍മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കലല്ല. കേരളത്തിലെ മഹാഭൂരിപക്ഷം ആശ വര്‍ക്കര്‍മാരും ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ ഭാഗമല്ലെന്നും എളമരം കരീം ലേഖനത്തില്‍ പറയുന്നു.

Content Highlights: Elamaram Kareem once again insulted the Asha worker protest

dot image
To advertise here,contact us
dot image