
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ നീക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി കെ സുധാകരൻ. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നും മാറ്റിയാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
'കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാം, നീക്കാതിരിക്കാം. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും. മാറ്റിയാൽ കുഴപ്പമില്ല. പരാതിയുമില്ല', കെ സുധാകരൻ പറഞ്ഞു. താൻ തൃപ്തനായ മനസിന്റെ ഉടമയാണ്. റിപ്പോർട്ടിനെ പറ്റി കനുഗോലുവിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ കോൺഗ്രസിൽ പുനഃസംഘടന ഉണ്ടായേക്കുമെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ നീക്കിയേക്കുമെന്നുമുള്ള സൂചനകൾ പുറത്തുവന്നിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം. അടുത്ത മാസമായിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുകയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. കേരളത്തിലെ സംഘടനയിൽ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോർട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു സമർപ്പിച്ചു. കെ സുധാകരനെ ബോധ്യപ്പെടുത്തി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും റിപ്പോർട്ടിൽ കനഗോലു ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: K Sudakaran says he won't complain if removed from KPCC President chair