വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും, മാതാവിന്‍റെ ആരോഗ്യനില തൃപ്തികരം

അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താലേ കൂട്ടക്കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ

dot image

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നുകൂടി ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താലേ കൂട്ടക്കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളേജിൽ കഴിയുന്ന അഫാൻറെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഷെമിയുടെ മൊഴിയെടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്.

തിങ്കളാഴ്ചയാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷാൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമിൽ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. അഫാൻ നേരത്തെ മുത്തശിയുടെ സ്വർണ മോതിരം പണയം വെച്ചിരുന്നു. കൂടുതൽ സ്വർണം പണയം വെയ്ക്കാൻ നൽകാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന.

കൂടുതൽ സ്വർണം നൽകാതെ വന്നതോടെ മുത്തശിയെ തലക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മുത്തശിയുടെ മാല കവർന്ന് വെഞ്ഞാറമൂട്ടിൽ പണയം വച്ചു. ഈ സമയം ചുള്ളാളത്തെ പിതാവിന്റെ സഹോദരൻ ലത്തീഫ്, അഫാനെ ഫോണിൽ വിളിച്ചിരുന്നു. തുടർന്നാണ് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊല്ലുന്നത്. ഇവരും സാമ്പത്തികമായി അഫാനെ സഹായിച്ചിരുന്നില്ല. ചുള്ളാളത്തെ കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് തിരിക്കുന്ന സമയത്ത് പെൺസുഹൃത്ത് ഫർസാനയോട് വീട്ടിൽ വന്ന് തന്റെ മുറിയിൽ ഇരിക്കാൻ അറിയിച്ചിരുന്നു. പിന്നാലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയാണ് അഫാൻ പെൺസുഹൃത്തിനെ കൊലപ്പെടുത്തുന്നത്.

പിന്നീട് സഹോദരൻ സ്കൂളിൽ നിന്ന് വരും വരെ അഫാൻ കാത്തുനിന്നു. അതിന് ശേഷം സഹോദരനെ മന്തി വാങ്ങാൻ വിടുന്നു. ഇതിന് ശേഷമാണ് സഹോദരനെ കൊലപ്പെടുത്തുന്നത്. മന്തിയും ചിതറിയ 500 രൂപ നോട്ടുകളും അഫാൻ്റെ വീട്ടിൽ കിടപ്പുണ്ട്. സിറ്റൗട്ടിൽ വസ്ത്രങ്ങളും ചിതറി കിടപ്പുണ്ട്. കൊലപാതക ശേഷം കുളിച്ചുവെന്നും പ്രതിമൊഴി നൽകിയിട്ടുണ്ട്. പിന്നാലെയാണ് എലിവിഷം കഴിച്ച് പ്രതി പൊലീസ് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുന്നത്.

അതിക്രൂരമായാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. തലക്കേറ്റ അടിയാണ് അഞ്ചുപേരുടെയും മരണകാരണം. ചുറ്റിക കൊണ്ടാണ് തുടർച്ചയായി തലയിൽ അടിച്ചത്. അഞ്ചുപേരുടെയും തലയോട്ടി തകർന്നു. പെൺകുട്ടിയുടെയും അനുജന്റെയും തലയിൽ പലതവണ അടിച്ചു. പെൺകുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട് അടിയേറ്റിട്ടുണ്ട്. എല്ലാവരുടെയും തലയിൽ നിരവധി ചതവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെയും അനുജനെയും നിഷ്ഠൂരമായാണ് അഫാൻ കൊലപ്പെടുത്തിയത്.

Content Highlights: police will question Afan again today in venjaramoodu case

dot image
To advertise here,contact us
dot image