'ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മയക്കുമരുന്ന് ലോബിയുടെ ഭാഗം'; ആരോപണവുമായി പി വി അൻവർ

ടിഎംസിയിലേക്ക് പ്രതീക്ഷിക്കാത്ത പലരും ഉടൻ വരുമെന്നും പി വി അൻവർ‍ പറഞ്ഞു

dot image

കോട്ടയം: കേരളത്തിലെ ചില മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ മയക്കുമരുന്ന് ലോബിയുടെ ഭാ​ഗമാണെന്ന ആരോപണവുമായി പി വി അൻവർ. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും അന്വേഷണം നടത്തിയില്ല. കേരളത്തെ മയക്കുമരുന്ന് ഉത്പാദന കേന്ദ്രമാക്കി പിണറായി സർക്കാർ മാറ്റി എന്നും പി വി അൻവർ വിമർശിച്ചു. വെഞ്ഞാറമൂട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പി വി അൻവറിന്റെ ആരോപണം.

ടിഎംസിയിലേക്ക് പ്രതീക്ഷിക്കാത്ത പലരും ഉടൻ വരുമെന്നും പി വി അൻവർ‍ പറഞ്ഞു. പിണറായി സർക്കാരിലെ പലരും വരി വരിയായി വരും. ബിജെപി വിട്ട് ടിഎംസിയിലേക്ക് വന്ന കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിൽ വന്നത് കർഷക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണെന്നും പി വി അൻവർ പറഞ്ഞു.

സജി മഞ്ഞക്കടമ്പിലുമായി പാർട്ടിയുടെ രാഷ്ട്രീയ സാധ്യതകളെ കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു. സജിക്കൊപ്പം ടിഎംസിയിലേക്ക് വരുന്നവർ കേരള കോൺഗ്രസ്സ് ഡെമോക്രറ്റിക് വർക്കിങ് ചെയർമാൻ ദിനേഷ് കർത്ത, കോട്ടയം ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ തുടങ്ങിയവരാണെന്നും പി വി അൻവർ വ്യക്തമാക്കി.

തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കുമെന്ന് അൻവർ നേരത്തെ ഭീഷണിമുഴക്കിയിരുന്നു. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഐഎം നേതാക്കൾക്കുള്ള സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു തർക്കവുമില്ല, തലയ്ക്കേ അടിക്കൂ. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പഠിച്ചിട്ടില്ല. മുന്നിൽ നിന്ന് തന്നെ പ്രവർത്തിക്കാനാണ് തീരുമാനം. ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തിൻ്റെ ഭർത്താവിനെ സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി. കുടുംബം അടക്കമുള്ളവരുടെ പണി തീർത്തുകളയുമെന്നാണ് വോയ്സ് മെസേജ്. ഭീഷണിക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും പി വി അൻവർ പറഞ്ഞു. ചുങ്കത്തറയിൽ നടന്ന പൊതുയോഗത്തിലായിരുന്നു പി വി അൻവറിന്റെ ഭീഷണി പ്രസംഗം.

Content Highlights: PV Anvar Alleged Some Police Chiefs is a Part of Drug Lobby

dot image
To advertise here,contact us
dot image