
കോട്ടയം: ഇനി മുതൽ തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് എൻഡിഎ സംഖ്യം വിട്ട കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിൽ. തൃണമൂൽ കോൺഗ്രസിലും 'കോൺഗ്രസ്' ഉണ്ടല്ലോ, കോൺഗ്രസ് മനസ്സിന് മാറ്റം വരില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ്സ് ഡെമോക്രറ്റിക്കിന് അർഹിക്കുന്ന പരിഗണന എൻഡിഎ നൽകിയില്ല. അതിനാലാണ് പുതിയ തീരുമാനമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
തൃണമൂൽ കോൺഗ്രസിന്റെ വിപുലമായ ലയന സമ്മേളനം ഏപ്രിലിൽ ചേരുമെന്നും സജി മഞ്ഞക്കടമ്പിൽ അറിയിച്ചു. എൻഡിഎയുടെ ഭാഗമായിട്ട് ഒരു വർഷമായിട്ടും അവരുടെ യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. കർഷകരെ സഹായിക്കാൻ കേരളത്തിലെ എൻഡിഎ നേതൃത്വത്തിന് സാധിച്ചില്ലെന്നും സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി.
തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും യുഡിഎഫ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനാണ് സജി മഞ്ഞക്കടമ്പിലിന്റെ ശ്രമം. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അദ്ധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായിരുന്നു സജി. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സജി കേരള കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്നാണ് എന്‍ഡിഎയുടെ ഭാഗമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയെ സജി പിന്തുണച്ചിരുന്നു.
സജിയെ പോലുള്ള ക്രൈസ്തവ വിഭാഗത്തിലുള്ള നേതാക്കള്‍ എന്‍ഡിഎയുടെ ഭാഗമാവുന്നത് സംസ്ഥാനത്തെ തങ്ങളെ സഹായിക്കുമെന്ന് ബിജെപി വിലയിരുത്തിയിരുന്നു. എന്നാല്‍ സജിയുടെ ഇപ്പോഴത്തെ നീക്കം ബിജെപിക്ക് തിരിച്ചടിയാണ്. സജി മടങ്ങുന്നതോടെ എന്‍ഡിഎക്കൊപ്പം ഇനി ഒരു കേരള കോണ്‍ഗ്രസ് വിഭാഗമാണുണ്ടാവുക. കുരുവിള മാത്യൂസ് ചെയര്‍മാനായിട്ടുള്ള നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസാണത്.
Content Highlights: Saji Manjakadambil on Congress After He Join toTMC