'കെ സുധാകരന്‍ തുടരട്ടെ'; കെപിസിസി പ്രസിഡന്റിനൊപ്പം എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് ശശി തരൂര്‍

സുധാകരന്റെ നേതൃത്വത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ അടക്കം വലിയ നേട്ടം ഉണ്ടായിട്ടുണ്ടെന്നും ശശി തരൂര്‍ പ്രശംസിച്ചു.

dot image

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ ചർച്ചകൾക്കിടെ കെപിസിസി അധ്യക്ഷൻ കെ സുധാകരന് പിന്തുണയുമായി ശശി തരൂർ എംപി. കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യമില്ലെന്ന് ശശി തരൂർ പറഞ്ഞു. കെ സുധാകരന്‍ തുടരട്ടെ എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ അടക്കം വലിയ നേട്ടം ഉണ്ടായിട്ടുണ്ട്. പാര്‍ട്ടിയില്‍ ഐക്യം വേണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും അതിന് കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

പോഡ്കാസ്റ്റില്‍ പറഞ്ഞ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 15 ദിവസം കൊണ്ട് അഭിപ്രായം മാറ്റേണ്ട കാര്യമില്ലെന്നും ശശി തരൂര്‍ പറഞ്ഞു. എല്ലാവരും അത് മുഴുവന്‍ കേള്‍ക്കണം. ഇക്കാര്യങ്ങളില്‍ അടക്കം മറ്റന്നാള്‍ ഡല്‍ഹിയില്‍ ചര്‍ച്ചയുണ്ട്. കോണ്‍ഗ്രസില്‍ ഐക്യം ഇല്ലെന്ന കനകോലുവിന്റെ റിപ്പോര്‍ട്ടിനോട് തനിക്ക് കൂടുതല്‍ ഒന്നും പറയാനില്ലെന്നും കെപിസിസി പ്രസിഡന്റിനൊപ്പം എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ കുഴപ്പമില്ലെന്ന് വ്യക്തമാക്കി കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാം, നീക്കാതിരിക്കാം. നീക്കിയാല്‍ പരാതിയില്ല. താന്‍ തൃപ്തനായ മനസിന്റെ ഉടമയാണ്. റിപ്പോര്‍ട്ടിനെ പറ്റി കനുഗോലുവിനോട് തന്നെ ചോദിക്കണമെന്നും സുധാകരൻ പറഞ്ഞിരുന്നു.

കേരളത്തിലെ കോണ്‍ഗ്രസില്‍ പുനഃസംഘടന ഉണ്ടായേക്കുമെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ നീക്കിയേക്കുമെന്നുമുള്ള സൂചനകള്‍ പുറത്തുവന്നിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് വിവരം. അടുത്ത മാസമായിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഈ വിഷയത്തിലായിരുന്നു ശശി തരൂരിന്റെയും സുധാകരന്റെയും പ്രതികരണം.

Content Highlights: Shashi Tharoor support K Sudhakaran

dot image
To advertise here,contact us
dot image