
തിരുവനന്തപുരം: കേരളത്തില്‍ മുഴുവന്‍ രാസലഹരി സുലഭമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മദ്യത്തിന്റെ വില കൂടിയതുകൊണ്ട് ഉപഭോഗം കുറയില്ല. ഇന്ന് മദ്യത്തേക്കാള്‍ സുലമാണ് മയക്കുമരുന്നെന്നും സതീശന്‍ പറഞ്ഞു. ലഹരി കാരണം അക്രമങ്ങള്‍ കൂടിയെന്നും ആക്രമണത്തിന്റെ രീതികള്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഡ്രഗ് പാര്‍ട്ടികള്‍ സജീവമാണ്. തിരുവനന്തപുരം മാനവീയം വീഥി, എറണാകുളം മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളില്‍ പോയാല്‍ കാണാന്‍ സാധിക്കും. ലഹരി കാരണം അക്രമങ്ങള്‍ കൂടി. ആക്രമണത്തിന്റെ രീതികള്‍ മാറി. കേരളത്തില്‍ മുഴുവന്‍ ക്രൂരമായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. പുറത്തുപറയാന്‍ സാധിക്കാത്ത അക്രമങ്ങള്‍ ആണ് നടക്കുന്നത്', വി ഡി സതീശന്‍ പറഞ്ഞു.
ലഹരി അക്രമങ്ങളില്‍ ഇരകളാവുന്നത് ഏറെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സൈസ് നടത്തുന്ന ബോധവത്കരണം ആരെയാണ് ബോധ്യപ്പെടുത്തുന്നതെന്നും കുട്ടികള്‍ ഇരകളാവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുക മാത്രമാണ് വഴിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'ലഹരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കാന്‍ തയ്യാറാണ്. കേരളത്തെയും യുവാക്കളെയും രക്ഷിക്കാന്‍ വലിയ കൂട്ടായ നീക്കം ആരംഭിക്കണം', വി ഡി സതീശന്‍ പറഞ്ഞു. പാലക്കാട് ഒരു ബ്രൂവറിയും വരില്ലെന്നും വരാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലും ഇതേ നിലപാട് തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: V D Satheesan says opposition equally works with government for anti drug campaign