കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം; പിന്നിൽ ഐഎൻടിയുസിയെന്ന് ഷാപ്പ് ലൈസൻസി, ലൈസൻസ് സസ്പെൻഡ് ചെയ്യാൻ എക്സൈസ്

നടപടികൾ ആരംഭിച്ചെന്നും ജില്ലയിലെ എല്ലാ ഷാപ്പുകളിലും പരിശോധന ശക്തമാക്കിയെന്നും അസിസ്റ്റൻഡ് എക്സൈസ് കമ്മീഷണർ വൈ ഷിബു പറഞ്ഞു

dot image

പാലക്കാട്: കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയ ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ എക്സൈസ്. ഷാപ്പുകളുടെ ലൈസൻസിയായ ശിവരാജന്റെ എല്ലാ ഷാപ്പുകളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. നടപടികൾ ആരംഭിച്ചെന്നും ജില്ലയിലെ എല്ലാ ഷാപ്പുകളിലും പരിശോധന ശക്തമാക്കിയെന്നും അസിസ്റ്റൻഡ് എക്സൈസ് കമ്മീഷണർ വൈ ഷിബു പറഞ്ഞു.

എന്നാൽ, കള്ളിൽ കഫ്സിറപ്പ് കണ്ടെത്തയതിന് പിന്നിൽ ഐഎൻടിയുസി ആണെന്ന് ഷാപ്പ് ലൈസൻസി ശിവരാജൻ റിപ്പോർട്ടറിനോട് പറഞ്ഞു. തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യത്തിൽ തൊഴിലാളികൾ ചേർന്ന് നടത്തിയതാണോ ഇതെന്ന് സംശയിക്കുന്നതായും ശിവരാജൻ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂർ റേഞ്ച് ​ഗ്രൂപ്പ് നമ്പർ 9-ലെ വണ്ണാമട, കുറ്റിപ്പള്ളം ഷാപ്പുകളിൽ നിന്നുള്ള കള്ള് പരിശോധനയ്ക്കയച്ചത്. ഈ സാമ്പിളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ചുമ മരുന്നിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ എന്ന രാസപദാർത്ഥമാണ് കള്ളിൽ നിന്നും കണ്ടെത്തിയത്. വലിയ രീതിയിൽ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള രാസപദാർത്ഥമാണിത്. മുമ്പ് സ്പിരിറ്റ് ഉൾപ്പെടെയുള്ളവ കള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ വിവിധ ഷാപ്പുകളിലും ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെതിരെ പൊലീസ് കർശന നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരേ ലൈസൻസിയുടെ കീഴിലുള്ള രണ്ട് ഷാപ്പുകളിൽ വിൽക്കുന്ന കള്ളിൽ നിന്നും ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയത്.

അതേസമയം, ഇത്തരം കള്ള് കുടിച്ചവർക്ക് മാരകമായ പാർശ്വഫലങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഏറെയാണെന്ന് ആരോഗ്യവിദഗ്ധൻ ഡോ. എൻ എം അരുൺ പറഞ്ഞു. മദ്യം, കള്ള് എന്നിവയിൽ ബെനാട്രിൽ ചേർത്ത് കഴിച്ചാൽ പ്രതികരണശേഷി കുറയും. ക്ഷീണവും ഉറക്കവും വർധിക്കും. ഉന്മാദാവസ്ഥയിലേക്ക് നീങ്ങുമെന്നും ആരോഗ്യ വിദ്ഗധർ വ്യക്തമാക്കുന്നു.

Content Highlights: Excise to suspend license in the Presence of cough syrup in toddy in Chittoor

dot image
To advertise here,contact us
dot image