
മലപ്പുറം: മായം ചേർത്ത് ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പനക്കെത്തിക്കുന്നവർക്കെതിരെ നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്. മലപ്പുറം ജില്ലയിലെ ചില കടകളിൽ നടത്തിയ പരിശോധനയില്‍ വ്യാജ തേയിലപ്പൊടി കണ്ടെത്തിയതിനും ഹോട്ടല്‍ ഭക്ഷണങ്ങളില്‍ കൃത്രിക നിറം ചേർക്കുന്നുണ്ടെന്ന വ്യാപക പരാതിക്കും പിന്നാലെയാണ് വകുപ്പ് നീക്കം. റിപ്പോർട്ടർ ടി വി വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.
പിടിച്ചെടുത്ത തേയിലപ്പൊടി വ്യാജമാണെന്ന് പരിശോധനയിൽ തെളിഞ്ഞാൽ ഹോട്ടൽ പൂട്ടിക്കുമെന്ന് മലപ്പുറം ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണർ സുജിത്ത് പെരേര റിപ്പോർട്ടറിനോട് പറഞ്ഞു.
'ഹോട്ടൽ ഫുഡുകളിലും കൃത്രിമ നിറം ചേർക്കുന്നതായി പരാതിയുണ്ട്. മായം ചേർക്കുന്ന ഭക്ഷ്യ വസ്തുക്കൾ മലപ്പുറത്ത് കുറഞ്ഞു വരുന്നുണ്ട്. വളാഞ്ചേരി വേങ്ങാട് നിന്നും വ്യാജ തേയില നേരത്തെ പിടികൂടിയിരുന്നു. മലപ്പുറത്തെ തീരപ്രദേശങ്ങളിൽ വിതരണം ചെയ്യാനായിരുന്നു ഇവ എത്തിച്ചതെന്നും ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണർ റിപ്പോർട്ടറിനോട് പ്രതികരിച്ചു. സ്ഥിരമായി സിന്തറ്റിക് ഫുഡ് നിറങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അർബുദത്തിന് വരെ കാരണമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
വ്യാജ തേയിലപ്പൊടിയുടെ കേന്ദ്രം കൂനൂർ ആണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ റിപ്പോട്ടർ ടിവി നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരമായിരുന്നു പുറത്തുവന്നത്. കൂനൂരില്‍ നിന്നും ലഭിച്ച തേയില പൊടി ലാബില്‍ പരിശോധിച്ചപ്പോള്‍ മാരക രാസ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയിരുന്നു. വസ്ത്രങ്ങള്‍ക്ക് നിറം കൂട്ടാന്‍ ചേര്‍ക്കുന്ന Karmoxin, Sunset yellow, Tartrazin എന്നിവയാണ് തേയിലപ്പൊടിയില്‍ കണ്ടെത്തിയത്. ചിലരില്‍ അലര്‍ജിക്കും ഹൈപ്പര്‍ ആക്ടിവിറ്റിക്കും അർബുദത്തിനും കാരണമായേക്കാവുന്നതാണ് ചായയുടെ കടുപ്പം വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഈ രാസവസ്തുക്കള്‍.
രാസ വസ്തുക്കള്‍ ചേര്‍ത്ത തേയിലപ്പൊടി കേരളത്തില്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അഫ്സാന പര്‍വീണ്‍ അറിയിച്ചിരുന്നു. തമിഴ്നാട്ടിലെ കൂനൂര്‍ കേന്ദ്രീകരിച്ചാണ് വ്യാപകമായി വ്യാജ തേയിലപ്പൊടി വിതരണം നടക്കുന്നത്. കോയമ്പത്തൂര്‍, സേലം ഭാഗത്ത് നിന്നും വരുന്ന തേയിലപ്പൊടികളിലാണ് ഇത്തരത്തില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. ഇക്കാര്യം അന്വേഷണം നടത്താന്‍ തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പിനോടും ആവശ്യപ്പെടുമെന്ന് അഫ്സാന പര്‍വീണ്‍ പറഞ്ഞിരുന്നു.
Content Highlights- Following the reporter's news, the Food Safety Department is preparing to check for adulteration in other food items.