'എൻസിപിയിൽ പറയത്തക്ക പ്രശ്നങ്ങളില്ല'; പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുമെന്ന് തോമസ് കെ തോമസ്

'മന്ത്രിമാറ്റ ചര്‍ച്ച വിട്ടുകളയാം. ഇനി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ചെയ്യും'

dot image

ആലപ്പുഴ: എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിൽ സന്തോഷമെന്ന് തോമസ് കെ തോമസ്. തര്‍ക്കങ്ങള്‍ ഇല്ലാതെ പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകണം എന്നാണ് ആഗ്രഹം. പറയത്തക്ക പ്രശ്‌നങ്ങളൊന്നും പാര്‍ട്ടിയിലില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുമെന്നും തോമസ് കെ തോമസ് പറഞ്ഞു.

'മന്ത്രിമാറ്റ ചര്‍ച്ച എന്ന വിഷയം വിട്ടുകളയാം. ഇനി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ചെയ്യും. ഒരുപാട് പേര്‍ പുതിയതായി എന്‍സിപിയിലേക്ക് വരും', തോമസ് കെ തോമസ് പറഞ്ഞു. വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തെ കുറിച്ചും തോമസ് കെ തോമസ് പ്രതികരിച്ചു. തന്റെ കുറവുകള്‍ ആയിരിക്കാം വെള്ളാപ്പള്ളി പറഞ്ഞതെന്ന് തോമസ് കെ തോമസ് പറഞ്ഞു. തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകും. വെള്ളാപ്പള്ളി എസ്എന്‍ഡിപിയുടെ സമുന്നതനായ നേതാവാണെന്നും തോമസ് കെ തോമസ് കൂട്ടിച്ചേർത്തു.

കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്ന ചര്‍ച്ചകളൊക്കെ മുന്നണിയിലാണ് ഉണ്ടാവുകയെന്നും മുഖ്യമന്ത്രിയെ ഉടനെ കാണുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തന്നെ വിളിച്ചിരുന്നുവെന്നും തോമസ് കെ തോമസ് പറഞ്ഞു.

എന്‍സിപി (എസ് പി) ദേശീയ അധ്യക്ഷൻ ശരദ് പവാറാണ് തോമസ് കെ തോമസിനെ സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചത്. രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. പി എം സുരേഷ് ബാബുവും പി കെ രാജന്‍ മാസ്റ്ററുമാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്‍. സംസ്ഥാന വൈസ് പ്രസിഡന്റുമാരായി പ്രവര്‍ത്തിക്കുകയായിരുന്നു ഇരുവരും. രാജന്‍ മാസ്റ്റര്‍ മന്ത്രി എ കെ ശശീന്ദ്രന്റെ നോമിനിയും സുരേഷ് ബാബു പി സി ചാക്കോയുടെയും നോമിനിയാണ്.

Content Highlights: Thomas K Thomas says there is no issues in NCP

dot image
To advertise here,contact us
dot image