
ന്യൂഡല്‍ഹി: കേരളത്തില്‍ യുഡിഎഫിന് മൂന്നാമതും ഭരണം നഷ്ടപ്പെടാന്‍ പാടില്ലെന്നും അതിനനുസരിച്ച് ഉയര്‍ന്നുനില്‍ക്കാന്‍ പാര്‍ട്ടിക്ക് സാധിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് പ്രതികരണം.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി ഏകീകൃത രൂപത്തില്‍ മുന്നോട്ട് പോവുകയെന്നത് യോഗത്തിന്റെ അജണ്ട. ഡല്‍ഹിയില്‍ നിന്നും നല്ല തീരുമാനങ്ങള്‍ ഉണ്ടാവട്ടെയെന്നത് തന്നെയാണ് ആഗ്രഹം. കേരളത്തിലെ കോണ്‍ഗ്രസിന്റെ എല്ലാ വികാരവും അറിയുന്ന നേതൃത്വമാണ് ഈ യോഗം വിളിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ അത്യൂജ്വലമായ ഊര്‍ജ്ജം ഉണ്ടാവണം. മൂന്നാമതും ഭരണം നഷ്ടപ്പെടാന്‍ പാടില്ല. അതാണ് ജനത്തിന്റെ പൊതുവികാരം. അതിനനുസരിച്ച് ഉയര്‍ന്നുനില്‍ക്കാന്‍ പാര്‍ട്ടിക്ക് സാധിക്കണം എന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
പാര്‍ട്ടിയെ ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്ന നേതാവ് നേതൃത്വത്തിലേക്ക് വരണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായത്തോടും തിരുവഞ്ചൂര്‍ പ്രതികരിച്ചു. മുല്ലപ്പള്ളിക്ക് അഭിപ്രായം പറയാനുള്ള അധികാരം ഉണ്ടെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
കേരളത്തില്‍ നേതാക്കള്‍ക്കിടയില്‍ മറ്റേത് കാലത്തേക്കാളും ഐക്യമുണ്ട്. എന്നാല്‍ ഒരു യുദ്ധഭൂമിയിലേക്ക് പോകുമ്പോള്‍ കൂടുതല്‍ ഐക്യമുണ്ടാകണം. ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്. 72 സീറ്റ് കിട്ടട്ടെ. മുഖ്യമന്ത്രി ചര്‍ച്ചകള്‍ എന്നിട്ട് മതി. ഭൂരിപക്ഷത്തിന്റെ ലക്ഷ്മണ രേഖ കടക്കട്ടെ. ആത്മസംയമനത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കണം എന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: UDF should not lose power for the third time in Kerala Said Thiruvanchoor Radhakrishnan