
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തില്‍ മർദനമേറ്റ പത്താംക്ലാസുകാരൻ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർത്ഥി മരണമടഞ്ഞത് ഏറെ ദുഖകരമായ സംഭവമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്
താമരശ്ശേരിയിൽ സ്‌കൂളിന് പുറത്ത് വെച്ചുണ്ടായ സംഘർഷത്തെ തുടർന്ന് എംജെ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർത്ഥി മരണമടഞ്ഞത് ഏറെ ദുഖകരമായ സംഭവമാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇക്കാര്യത്തിൽ പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാർഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയ വിദ്യാർഥികളെ ഇന്നലെ ജാമ്യക്കാർക്കൊപ്പം വിട്ടയച്ചിരുന്നു. നേരത്തെ വധശ്രമം ചുമത്തിയ കേസിൽ ഇന്ന് ഐപിസി 302 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ കൂടി ചുമത്തും.
Content Highlights: v sivankutty on thamarassery student's death