'ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് മാറ്റേണ്ട അവസ്ഥ'; 2026ൽ കോൺഗ്രസ് മുഖ്യമന്ത്രി വരുമെന്ന് എ കെ ആന്റണി

ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ സിപിഐഎമ്മിന് ഇരട്ടത്താപ്പാണെന്നും എ കെ ആന്റണി

dot image

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് മാറ്റേണ്ട അവസ്ഥയാണിപ്പോഴെന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. മയക്കു മരുന്നിനെതിരെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വീര്യമുള്ള മദ്യമായത് കൊണ്ട് പണ്ട് ചാരായം നിരോധിച്ചു. മയക്കുമരുന്ന് ചാരായത്തെക്കാള്‍ ആയിരം മടങ്ങ് അപകടകാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഹരിയടിച്ചാൽ അമ്മയെന്നോ അച്ഛനെന്നോ ബോധമുണ്ടാകില്ലെന്നും എ കെ ആന്റണി പറഞ്ഞു. കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തണം. അത് നാടിന്റെ ആവശ്യമാണെന്ന് എ കെ ആന്റണി പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ സമരത്തെ സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. പെരുമഴയത്ത് ആശമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നുവെന്നും അവരോട് ദയ കാണിക്കണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു.

'വലിയ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവരല്ല. അവരോട് ദയ കാണിക്കണം. കേരള സര്‍ക്കാര്‍ കൊടുക്കേണ്ടത് ആദ്യം കൊടുക്ക്. കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ടത് നമുക്ക് ഒരുമിച്ച് പോയി വാങ്ങാം. മുഖ്യമന്ത്രി പിടിവാശി കാണിക്കരുത്. സമരം ചെയ്യാനുള്ള അവകാശം സിഐടിയുവിന് മാത്രമല്ല. അവരുടെ സമരം അവസാനിപ്പിക്കണം', എ കെ ആന്റണി പറഞ്ഞു.

ടാര്‍പ്പോളിൻ മാറ്റിയത് ക്രൂരതയാണെന്നും പൊലീസ് നടപടി മുകളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി തീരുമാനം പറഞ്ഞാണ് ടാര്‍പ്പോളിൻ അഴിച്ച് മാറ്റിയത്. കണ്ണൂരില്‍ സിപിഐഎം വഴിയടച്ച് സമരം ചെയ്തു. കേരളം ഭരണ മാറ്റത്തിന് പാകമായി. 2026ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വരുമെന്ന് പറഞ്ഞ എ കെ ആന്റണി അതിന്റെ സെമി ഫൈനലാണ് തദ്ദേശ തിരഞ്ഞെടുപ്പെന്നും കൂട്ടിച്ചേര്‍ത്തു.

Content Highlights: AK Antony Criticize CPIM over Asha workers protest

dot image
To advertise here,contact us
dot image