കുട്ടികൾ തമ്മിലുള്ള പ്രശ്‌നത്തിൽ ഇടപെട്ട് രക്ഷിതാക്കൾ; വിദ്യാർത്ഥികളെ സ്‌കൂളിൽ കയറി മർദിച്ചു; കേസ്

പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് മര്‍ദിച്ചത്

dot image

കോഴിക്കോട്: വിദ്യാർത്ഥികളെ മര്‍ദിച്ച രക്ഷിതാക്കള്‍ക്കെതിരെ കേസ്. കോഴിക്കോട് ബാലുശ്ശേരി പൂവമ്പായി ഹയര്‍സെക്കൻഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്നാണ് സംഭവം. രക്ഷിതാക്കള്‍ക്കെതിരെ ബാലുശ്ശേരി പൊലീസാണ് കേസെടുത്തത്. രക്ഷിതാക്കള്‍ സ്‌കൂളില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു.

ഓണാഘോഷത്തിനിടെയുണ്ടായ വാക്ക് തര്‍ക്കത്തിന്റെ തുടര്‍ച്ചയായി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളും പത്താം ക്ലാസ് വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ചു എന്നാരോപിച്ച് രക്ഷിതാക്കൾ വിഷയത്തിൽ ഇടപെടുകയായിരുന്നു.

വിഷയം ചോദിക്കാൻ സ്കൂളിൽ എത്തിയ രക്ഷിതാക്കൾ പത്താം ക്ലാസ് വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നു. മര്‍ദനത്തിനിരയായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തും കഴുത്തിലും പരിക്കേറ്റു. വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ തെരുവില്‍ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

Content Highlights: Case against parents who beat students in Balussery

dot image
To advertise here,contact us
dot image