
കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തി. ജുവനൈല്‍ ഹോമിലുള്ള പ്രതികളിലൊരാളുടെ വീട്ടില്‍ നിന്നാണ് നഞ്ചക്ക് കണ്ടെത്തിയത്. നാല് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഷഹബാസിനെ ആക്രമിക്കാന്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചത് നഞ്ചക്കാണെന്ന് നേരത്തേ വിവരമുണ്ടായിരുന്നു.
ഇന്ന് രാവിലെയായിരുന്നു കേസില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയത്. പൊലീസ് തെളിവെടുപ്പിന് എത്തിയപ്പോള്‍ പ്രതികളുടെ വീടുകള്‍ അടഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി വീടുകള്‍ തുറന്നുപരിശോധിച്ചു. ഇതിനിടെയാണ് പ്രതികളില്‍ ഒരാളുടെ വീട്ടില്‍ നിന്ന് നഞ്ചക്ക് കണ്ടെത്തിയത്. ഇതിന് പിന്നാലെ നാല് ഫോണുകളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ മുതിര്‍ന്നവരുടെ സാന്നിധ്യം പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു. അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ ഷഹബാസ് മരിച്ചു. ഇതിന് പിന്നാലെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികളുടെ അടിയില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ത്തുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.
Content Highlights- Police found nanchak from house of one accused on shahabas murder case