'മുല്ലപ്പള്ളിയുമായി ഒരു പ്രശ്‌നവുമില്ല'; ഒരമ്മ പെറ്റ മക്കളെ പോലെയെന്ന് കെ സുധാകരന്‍

പാര്‍ട്ടി തന്റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തുമെന്നും ഒരു എഐസിസി അംഗങ്ങള്‍ക്കും കത്തയക്കേണ്ട ഗതികേട് തനിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു

dot image

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനുമായി വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒരമ്മപെറ്റ മക്കളെ പോലെയാണ് തങ്ങളെന്നും കണ്ണൂരില്‍ കോണ്‍ഗ്രസ് വിജയത്തിന് അടിത്തറ ഉണ്ടാക്കിയ നേതാവാണ് മുല്ലപ്പള്ളിയെന്നും സുധാകരന്‍ പറഞ്ഞു. കാലഗതിക്കനുസരിച്ച് അദ്ദേഹം സജീവ രംഗത്തുനിന്ന് മാറിയെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

'മുല്ലപ്പള്ളിയെ കൈവിടില്ല. ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാന്‍ മൊട്ടുസൂചി ആയുധം ആക്കേണ്ടി വന്നാല്‍ അതിനും തയ്യാറാകും. എല്ലാവരുമായി സംസാരിച്ച് കൂടെ നിര്‍ത്തും. അതിന്റെ തുടക്കമാണിത്. മുല്ലപ്പള്ളി നൂറുശതമാനവും സഹകരിക്കും. ഞങ്ങള്‍ തമ്മില്‍ ചേരി ഭിന്നത പോലുമില്ല. ആശയവിനിമയത്തില്‍ തടസ്സം നേരിട്ടതില്‍ ദുഃഖമുണ്ട്. കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടായി. മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് ഉപയോഗിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്', കെ സുധാകരന്‍ പറഞ്ഞു.

സുധാകരനുമായി ദീര്‍ഘകാല ബന്ധമാണുള്ളതെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. പാര്‍ട്ടിയുമായി കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടായി എന്നത് സത്യമാണെന്നും അത് പരിഹരിക്കാനുള്ള ശ്രമത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി തന്റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തുമെന്നും ഒരു എഐസിസി അംഗങ്ങള്‍ക്കും കത്തയക്കേണ്ട ഗതികേട് തനിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

'ഞാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത ആരും ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഇല്ല. കത്തയച്ചിട്ടുണ്ടെങ്കില്‍ അയച്ചു എന്ന് പറയും. പാര്‍ട്ടിയിലെ അസ്വാരസ്യം ശാശ്വതമായി പരിഹരിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന നേതൃത്വത്തില്‍ സജീവമാകും', മുല്ലപ്പള്ളി പറഞ്ഞു.

Content Highlights: K Sudhakaran says he and Mullappali Ramachandran are like sibilings

dot image
To advertise here,contact us
dot image