
മലപ്പുറം: കൊണ്ടോട്ടിയില്‍ ചാരിറ്റിക്ക് ഇന്നോവ കാര്‍ സമ്മാനം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹിം. താന്‍ അറിയാതെയാണ് കാര്‍ നല്‍കിയതെന്ന് എംഎല്‍എ പറഞ്ഞു. തന്റെ സമ്മതത്തോടെയല്ല കാര്‍ നല്‍കിയതെന്നും വേദിയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും എംഎൽഎ പറഞ്ഞു.
'ചികിത്സ കമ്മറ്റിയുടെ ചെയര്‍മാന്‍ ഞാന്‍ ആയിരുന്നു. ഷമീര്‍ കുന്നമംഗലത്തിന് കാര്‍ നല്‍കാന്‍ തീരുമാനിച്ചത് കമ്മറ്റിക്കാരാണ്. തന്നോട് ചര്‍ച്ച ചെയ്തിട്ടില്ല. തന്റെ സാന്നിധ്യത്തില്‍ ഷമീറിന് കാര്‍ നല്‍കിയതിനോടുള്ള അമര്‍ഷം കമ്മറ്റിക്കാരെ അറിയിച്ചു. ചീത്തപ്പേര് ഉണ്ടായെന്ന് അറിയിച്ചു. ആദ്യം സമ്മാനം ഒന്നും വേണ്ടെന്ന് ഷമീര്‍ പറഞ്ഞിരുന്നു, പിന്നീട് സമ്മതിക്കുകയായിരുന്നു', എംഎല്‍എ പറഞ്ഞു.
കുട്ടിയുടെ ചികിത്സക്കായി അവരുടെ കുടുംബം നല്‍കിയ പണത്തില്‍ നിന്നാണ് കാര്‍ വാങ്ങിയതെന്നും ഇബ്രാഹിം പറഞ്ഞു. അവരുടെ സമ്മതത്തോടെയാണ് അത് ചെയ്തതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. നാട്ടുകാര്‍ കൊടുത്ത പണം കാര്‍ വാങ്ങാന്‍ ഉപയോഗിച്ചിട്ടില്ലെന്നും ഷമീറിന്റെ പഴയ കാറിന്റെ ചാവി തന്റെ കയ്യില്‍ തന്നിരുന്നുവെന്നും ഇബ്രാഹിം എംഎല്‍എ പറഞ്ഞു.
ചികിത്സക്കായി മൂന്ന് കോടിയിലധികം പിരിച്ചുനല്‍കിയ ചാരിറ്റി പ്രവര്‍ത്തകന് രോഗിയുടെ കുടുംബം വക ഇന്നോവ ക്രിസ്റ്റ സമ്മാനമായി നല്‍കിയത് വലിയ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയ ചാരിറ്റി പ്രവര്‍ത്തകന്‍ ഷമീര്‍ കുന്നമംഗലത്തിനാണ് രോഗിയുടെ കുടുംബം സമ്മാനമായി കാര്‍ നല്‍കിയത്.
കഴിഞ്ഞ വ്യാഴാഴ്ച്ച കൊണ്ടോട്ടി മുണ്ടക്കുളത്ത് നടന്ന ചടങ്ങിലായിരുന്നു സംഭവം. ഇത് വിവാദമായതോടെ ഷമീര്‍ കുന്നമംഗലം കാര്‍ കുടുംബത്തിന് തന്നെ തിരിച്ചു നല്‍കി. ചികിത്സയുടെ ഭാഗമായി ലഭിച്ച തുകയില്‍ നിന്ന് ഒരു രൂപ പോലും കാറിന് വേണ്ടി ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് ഷമീര്‍ കുന്നമംഗലം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അതേ വേദിയില്‍ വെച്ച് ആറ് ലക്ഷം രൂപയുടെ തന്റെ പഴയ ഇന്നോവ കാര്‍ എംഎല്‍എക്ക് കൈമാറിയിരുന്നുവെന്നും തനിക്ക് കിട്ടിയത് പുതിയ കാര്‍ ആണെന്ന് വ്യാജ പ്രചാരണം നടത്തിയതിനു പിന്നില്‍ പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്റെ സംഘമാണെന്നും ഷമീര്‍ ആരോപിക്കുന്നു.
Content Highlights: MLA Ibrahim reaction on Kondotty Charity controversy