
കോട്ടയം: സുഹൃത്തിനൊപ്പം പുഴയില്‍ നീന്തുന്നതിനിടെ കുഴഞ്ഞുപോയ യുവാവ് മുങ്ങി മരിച്ചു. കോട്ടയം വൈക്കം ചാലപ്പറമ്പ് സ്വദേശി ദേവപ്രകാശ്(24)ആണ് മരിച്ചത്. സുഹൃത്ത് ആദര്‍ശിനൊപ്പം പുഴയുടെ മറുകരയിലേക്ക് നീന്തുന്നതിനിടെ ദേവപ്രകാശ് കുഴഞ്ഞുപോകുകയും പുഴയില്‍ മുങ്ങിപ്പോകുകയുമായിരുന്നു.
ഇന്ന് വൈകിട്ട് 4.30ന് ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ നേരേകടവ് മാലിയേല്‍ക്കടവിലായിരുന്നു സംഭവം. ആദര്‍ശിന് പുറമേ സുഹൃത്തുക്കളായ ഷിഫാന്‍, ഹരി, രാഹുല്‍ എന്നിവര്‍ക്കൊപ്പമാണ് ദേവപ്രകാശ് കുളിക്കാന്‍ എത്തിയത്. ഹരിയുടെ വീട്ടിലെ ശൗചാലയ നിര്‍മാണത്തിന് ശേഷം സുഹൃത്തുക്കള്‍ കുളിക്കാന്‍ സുഹൃത്തുക്കള്‍ ഇവിടെ കുളിക്കാന്‍ എത്തുകയായിരുന്നു. മറ്റുള്ളവര്‍ കുളിക്കുന്നതിനിടെ ദേവപ്രകാശും ആദര്‍ശും മറുകരയിലേക്ക് നീന്തി. ഇതിനിടെ ദേവപ്രകാശ് കുഴഞ്ഞുപോകുകയായിരുന്നു. ആദര്‍ശ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
വൈക്കത്ത് നിന്ന് അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തി നടത്തിയ പരിശോധനയില്‍ ദേവപ്രകാശിനെ കണ്ടെത്തി. ഉടന്‍ തന്നെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ഛന്‍: പരേതനായ ജയപ്രകാശ്. അമ്മ: ബിന്ദു, സഹോദരി: അനഘ.
Content Highlights- 24 years old man drowned to death in vaikom